കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ പ്രതിപക്ഷത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ന്യൂഡല്‍ഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയെ പ്രതിപക്ഷത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്‍റെ വസതിയിൽ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് മാർഗരറ്റ് ആൽവയെ തെരഞ്ഞെടുത്തത്. കോൺഗ്രസ്, ശിവസേന, തൃണമൂൽ കോൺഗ്രസ്, ആർജെഡി, സിപിഎം, സിപിഐ, എസ്പി തുടങ്ങിയ പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ശരദ് പവാറാണ് പ്രഖ്യാപനം നടത്തിയത്.

മാർഗരറ്റ് ആല്‍വ ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഗവർണർ പദവി വഹിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ആദ്യ വനിതാ ഗവർണറാണ്. 1984 ൽ രാജീവ് ഗാന്ധി സർക്കാരിൽ സഹമന്ത്രിസ്‌ഥാനം വഹിച്ചിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയായും കർണാടക പിസിസി ജനറൽ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നാളെയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ദ്രൗപതി മുര്‍മുവാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്‍റെ സ്ഥാനാർത്ഥിയായി മത്സരിക്കും.  ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധാക്കറാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് പ്രഖ്യാപനം നടത്തിയത്. ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്.

Comments (0)
Add Comment