തോറ്റ എം.പിക്ക് ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ പ്രത്യേക ഓഫീസ്; സംസ്ഥാന ഖജനാവ് ധൂര്‍ത്തടിച്ച് വീണ്ടും ഇടത് സര്‍ക്കാര്‍; എ. സമ്പത്തിന് ചീഫ് സെക്രട്ടറി പദവി

Jaihind Webdesk
Tuesday, July 30, 2019

മുന്‍ എംപി എ.സമ്പത്തിന് പുതിയ പദവി. കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെ  ഡല്‍ഹിയിലാണ് നിയമനം. വ്യാഴാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. ചീഫ് സെക്രട്ടറിയ്ക്ക് തുല്യമായ പദവിയും ഡല്‍ഹിയില്‍ പ്രത്യേക ഓഫീസ് സംവിധാനങ്ങളും എ.സമ്പത്തിന് ഉണ്ടാകും. കേന്ദ്രം കേരള സര്‍ക്കാരിന് അനുവദിക്കുന്ന പദ്ധതികള്‍ നേടിയെടുക്കുന്നതിനും അതിന്‍റെ തുടര്‍ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായാണ് നിയമനം എന്നാണ് റിപ്പോര്‍ട്ട്.  കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാനങ്ങള്‍ക്കായുള്ള പദ്ധതികള്‍ കൃത്യമായി നേടിയെടുക്കാന്‍ കഴിയുന്നില്ലെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ ശക്തമായിരിക്കെയാണ് ഭരണപരാജയം മറച്ചുവെച്ചുള്ള പുതിയ നിയമനം.

എന്നാല്‍ എംപി ആയിരുന്ന കാലയളവില്‍ സ്വന്തം മണ്ഡലമായ ആറ്റിങ്ങലിന് വേണ്ടി കേന്ദ്രസര്‍ക്കാരില്‍ നിന്നും കാര്യമായ ഒരു പദ്ധതിയും നേടിയെടുക്കാനാകാത്ത വ്യക്തിയാണ് സമ്പത്ത്. ഈ സാഹചര്യത്തില്‍ കേരളത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങളും പദ്ധതികളും പ്രാവര്‍ത്തികമാക്കാന്‍ സമ്പത്തിന് കഴിയില്ലെന്ന് വ്യക്തമായിരിക്കെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സിപിഎം നേതാവിനെ വളഞ്ഞ വഴിയിലൂടെ വീണ്ടും ദില്ലിയിലെത്തിക്കാനുള്ള നീക്കമാണ് ഇതെന്നാണ് ആക്ഷേപം. കേരളത്തിന്‍റെ വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് ധരിപ്പിക്കുന്നതിന് നിലവില്‍ കേരള ഹൗസിൽ ഐഎഎസ് തലത്തിലുള്ള ഉദ്യോഗസ്ഥനെ റസിഡന്‍റ് കമ്മീഷണറായി നിയമിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിലെ പൂര്‍ണ പരാജയത്തിന്‍റെ ജാള്യത ഒഴിവാക്കാനും തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ അധികാരങ്ങളെ മറികടക്കാനുമാണ് സര്‍ക്കാരിന്‍റെ ഇത്തരം ഒരു നീക്കം.

ഇതിലൂടെ കേരള സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുക. പ്രളയ ദുരിതാശ്വാസത്തിന് പോലും പണം കണ്ടെത്താനാകാതെ  സംസ്ഥാനം സാമ്പത്തിക അച്ചടക്കം മുഖ്യമന്ത്രിയും ധനമന്ത്രിയും ആവര്‍ത്തിക്കുമ്പോഴാണ് പാര്‍ട്ടി നേതാവും ലോക്സഭ തെരഞ്ഞെടുപ്പിലെ തോറ്റ സ്ഥാനാര്‍ത്ഥിയുമായ ഒരാള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ധനം ധൂര്‍ത്തടിക്കുന്നത്.[yop_poll id=2]