മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു

Jaihind Webdesk
Monday, May 3, 2021

 

കൊല്ലം : മുന്‍മന്ത്രിയും കേരള കോൺഗ്രസ് സ്ഥാപക നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. 87 വയസായിരുന്നു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെത്തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില ഇന്നലെ വൈകുന്നരത്തോടെയാണ് മോശമായത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

1960ല്‍ ഇരുപത്തഞ്ചാം വയസില്‍ എംഎല്‍എയായി. എക്സൈസ്, ഗതാഗതം, വൈദ്യുതി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. യു.ഡി.എഫിന്‍റെ രൂപീകരണത്തില്‍ മുഖ്യ പങ്കുവഹിച്ചു. കേരള കോൺഗ്രസ് (ബി) ചെയർമാൻ, മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ്. മകനും എംഎൽഎയുമായ കെ.ബി ഗണേഷ് കുമാറിനായി പത്തനാപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമായത്. ഗണേഷ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ച് വിശ്രമത്തിലായതോടെ ബാലകൃഷ്ണപിള്ളയാണ് പത്തനാപുരത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചതും മണ്ഡലത്തിലെ പ്രചാരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും.

വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ ആകൃഷ്ടനായ ബാലകൃഷ്ണപിള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് സജീവ രാഷ്ട്രീയപ്രവർത്തകനായത്. പിന്നീട് പഞ്ചായത്ത് പ്രസിഡന്‍റ്, എം.എൽഎ, മന്ത്രി, എം.പി എന്നിങ്ങനെ നിരവധി ചുമതലകൾ വഹിച്ചു. ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും വഹിച്ച് അദ്ദേഹം ചരിത്രം കുറിച്ചിരുന്നു. 1963 ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത്പ്രസിഡന്‍റായി 27 വർഷമാണ് അദ്ദേഹം പ്രവർത്തിച്ചത്. 11 വർഷംകൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും വഹിച്ചു. 1963-64 കാലഘട്ടത്തിൽ കേരള നിയമസഭയിൽ ഭവനസമിതിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. കേരളാ കോൺഗ്രസ് രൂപീകരണത്തിന് നിർണ്ണായക പങ്ക് വഹിച്ച ബാലകൃഷ്ണപിള്ള പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായി. കേരളാ കോൺഗ്രസിന്‍റെ സ്ഥാപകനേതാക്കളിൽ ഒരാളായ അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണമാണ് പാർട്ടിയെ മുൻനിരയിൽ എത്തിച്ചത്. 1960 മുതൽ എട്ട് തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി നിയമസഭയിലേക്ക് കൊട്ടാരക്കരയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 1975 ല്‍ സി. അച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗത, എക്‌സൈസ്, ജയിൽ വകുപ്പ് മന്ത്രിയായി. വൈദ്യുതിവകുപ്പ് മന്ത്രിയായും 1991-95, 2001-2004 കാലഘട്ടത്തിൽ ഗതാഗതവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

മുന്നാക്ക വിഭാഗ വികസന കോർപറേഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചു. 1971 ൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗവും തുടർന്ന് എ.ഐ.സി.സി അംഗവുമായ ബാലകൃഷ്ണപിള്ള 2015 ൽ ചില അസ്വാരസ്യങ്ങളെ തുടർന്ന് യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിലേക്ക് ചേക്കേറി. തൊഴിലാളികളോടും, സാധാരക്കാരനോടും ഇഴുകി ചേരുന്ന പ്രകൃതമായിരുന്നു ആർ ബാലകൃഷ്ണപിള്ളയുടേത്. കേരള രാഷ്ട്രീയ വഴിത്താരയിൽ പകരം വെക്കാനില്ലാത്ത നേതാവിനെയാണ് ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിലൂടെ നഷ്ടമായത്.