ജനനായകന് വിട… മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു

Jaihind Webdesk
Tuesday, July 18, 2023

 

ബംഗളുരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. ബംഗളുരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നായിരുന്നു അന്ത്യം. അർബുദത്തിന് ചികിത്സയിലായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സംസ്‌കാരം പുതുപ്പള്ളിയില്‍ നടക്കും.

ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് പ്രത്യേക വിമാനത്തിൽ ബംഗളുരുവിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കും. കെപിസിസി ആസ്ഥാനത്തും ദർബാർ ഹാളിലും പൊതുദർശനമുണ്ടാകും. രണ്ടു തവണ കേരളത്തിന്‍റെ മുഖ്യമന്ത്രിപദം അലങ്കരിച്ചു. മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധിയും രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.

1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്. ഭാര്യ: കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മ. മക്കൾ: മറിയം ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ.