മഹാരാഷ്ട്രയിലെ ബിജെപിയുടെ ഔദ്യോഗിക വക്താവായിരുന്ന ആരതി അരുണ്‍ സതയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന ഈ നിയമനം ജനാധിപത്യത്തിന് തിരിച്ചടിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
2025 ജൂലൈ 28-നാണ് സുപ്രീം കോടതി കൊളീജിയം ആരതി അരുണ്‍ സതയെയും അജിത് ഭഗവന്ത്റാവു കഡേഹങ്കറെയും ബോംബെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്. ബോംബെ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരില്‍ ഒരാളാണ് ആരതി. ഈ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. അതേസമയം, ആരതി അരുണ്‍ സതയുടെ പാര്‍ട്ടി ബന്ധം ബിജെപി സ്ഥിരീകരിച്ചു. എന്നാല്‍, ഒന്നര വര്‍ഷം മുന്‍പ് അവര്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചെന്നാണ് ബിജെപിയുടെ നിലപാട്. ഇപ്പോള്‍ അവര്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി വക്താവ് കേശവ് ഉപാധ്യായ വ്യക്തമാക്കി.