ഗുജറാത്ത് തെരഞ്ഞെടുപ്പിന് രണ്ട് നാള്‍; കോണ്‍ഗ്രസില്‍ ചേർന്ന് ബിജെപി മുന്‍ മന്ത്രിയും മകനും

അഹമ്മദാബാദ്:  ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ മുന്‍ മന്ത്രി കൂടിയായ ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേർന്നു.  മുൻ ആരോഗ്യമന്ത്രി ജയ് നാരായൺ വ്യാസാണ് തിങ്കളാഴ്ച കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. അദ്ദേഹത്തിന്‍റെ മകൻ സമീർ വ്യാസും കോൺഗ്രസിൽ ചേർന്നു. കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെയും സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാന്‍ രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ ഇരുവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചു.

2007 മുതൽ 2012 വരെ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെ ചുമതല വ്യാസിനായിരുന്നു. നവംബർ 5 നാണ് ജയ് നാരായൺ വ്യാസ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. ബിജെപിയുടെ നയങ്ങളുമായി ചേർന്നുപോകാന്‍ കഴിയാത്തതിനാല്‍ പാര്‍ട്ടി വിടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ വ്യാസ് പാർട്ടി വിട്ടത് ബിജെപിക്ക് തിരിച്ചടിയാണ്. ഡിസംബർ ഒന്നിനും അഞ്ചിനും രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Comments (0)
Add Comment