എം. ശിവശങ്കറിനെ വിമർശിച്ച് മുൻ അഡീ. ചീഫ് സെക്രട്ടറി സാജൻ പീറ്റർ രംഗത്ത്

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ന്യായീകരിക്കാൻ രംഗത്തെത്തിയ മുൻ പി.ആർ.ഡി.ഉദ്യോഗസ്ഥൻ്റെ പോസ്റ്റിനെ വിമർശിച്ച് മുൻ അഡീ. ചീഫ് സെക്രട്ടറി സാജൻ പീറ്റർ രംഗത്ത്. മുൻ പി.ആർ.ഡി. ഉദ്യോഗസ്ഥനായ മനോജ് കുമാർ. കെ, എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ശിവശങ്കറിനെതിരായ നിലപാട് സാജൻ പീറ്റർ വ്യക്തമാക്കുന്നത്.

ശിവശങ്കറിനെ വേട്ടയാടുമ്പോൾ ചില കാര്യങ്ങൾ നമ്മെ ഓർമിപ്പിക്കേണ്ടതുണ്ടെന്ന് തുടങ്ങുന്ന പി.ആർ.ഡി മുൻ അഡീഷണൽ ഡയറക്ടറുടെ ഫേസ് ബുക്ക് കുറിപ്പിന് താഴെയാണ് അതിരൂക്ഷ വിമർശനവുമായി മുൻ അഡീഷണൽ ചീഫ് സെക്രട്ടറി സാജൻ പീറ്റർ പ്രതികരിച്ചിട്ടുള്ളത്. തന്നോടൊപ്പം ജോലി ചെയ്തിരിന്ന ഉദ്യോഗസ്ഥന്മാരിൽ ഏറ്റവും സമർത്ഥനും കഠിനാധ്വാനിയുമായിരുന്നു എം. ശിവശങ്കറെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

എന്നാൽ അത് കൊണ്ട് മാത്രം കസ്റ്റംസ് ശിവശങ്കറിനെതിരെ കണ്ടെത്തിയ വീഴ്ച്ചകളിൽ നിന്നും ക്രമക്കേടുകളിൽ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കാനാകുമോ എന്നും സാജൻ പീറ്റർ ചോദിക്കുന്നു. ഒരു സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്ന അന്തസ്സും വിശ്വസ്ഥതയും പാലിക്കുന്നതിൽ ശിവശങ്കർ ദയനീയമായി പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ അയാളുടെ രക്തത്തിനായി ചിലർ പിന്നാലെ നടക്കുകയാണെന്ന് പറയുന്നതിൽ കാര്യമില്ലെന്നും, മിടുക്കനായ ഈ ഉദ്യോഗസ്ഥന്‍റെ തകർച്ച കാണുമ്പോൾ ദുഃഖം തോന്നുന്നുവെന്നുമാണ് സാജൻ പീറ്ററിൻ്റെ പ്രതികരണത്തിൽ പറയുന്നത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷിക്കുന്ന കേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുമെന്ന ഘട്ടം എത്തിയപ്പോഴാണ് നിരന്തര ന്യായീകരണങ്ങളുമായി സി.പി.എം പ്രവർത്തകരും ഇടതുപക്ഷ അഭിമുഖ്യമുള്ള ഉദ്യോഗസ്ഥരും പല വിധ ന്യായീകരണങ്ങൾ നിരത്തി സോഷ്യൽ മീഡിയയിൽ സജീവമായത്.

ഇതിനെതിരെയാണ് 36 വർഷം സർവ്വീസുള്ള മുതിർന്ന ഉദ്യോഗസ്ഥനും മുൻ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി കൂടിയായ സാജൻ പീറ്റർ രംഗത്തെത്തിയത്. ഇതോടെ ശിവശങ്കറിനെ വെള്ളപൂശാനുള്ള സി.പി.എം നീക്കത്തിനാണ് തിരിച്ചടിയേറ്റത്.

https://youtu.be/DIgK0h3Zamc

Comments (0)
Add Comment