ലാബില്‍ ഫോര്‍മാലിന്‍ ചോര്‍ന്നു, പരിഭ്രാന്തരായി ജീവനക്കാര്‍; അഗ്നിശമന സേന എത്തിയതോടെ പരിഹാരം

Jaihind Webdesk
Friday, July 2, 2021

കാസർഗോഡ് : തൃക്കരിപ്പൂർ കേരള കാർഷിക സർവകലാശാലയുടെ പീലിക്കോട് പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ ലാബിൽ നിന്നും ഫോർമാലിൻ ചോർന്നത് ജീവനക്കാരിൽ
പരിഭ്രാന്തി പരത്തി. തുടര്‍ന്ന് അഗ്നിശമന സേനയെത്തി ചോർച്ചയുള്ള കന്നാസ് പുറത്തെത്തിച്ചു.

ബോട്ടണി ലാബിലെ പ്രത്യേക അലമാരയിൽ പ്ലാസ്റ്റിക് കന്നാസിൽ സൂക്ഷിച്ച
25 ലിറ്ററോളം വരുന്ന ഫോർമാലിൻ, കന്നാസിന്‍റെ അടിഭാഗത്ത് രൂപപ്പെട്ട തുളയിലൂടെ ചോർന്ന് പരക്കുകയായിരുന്നു. ലാബിലുണ്ടായിരുന്നവർക്ക് ശ്വസനത്തിന് ബുദ്ധിമുട്ടുണ്ടായതോടെയാണ്
അധികൃതർ പരിശോധന നടത്തിയത്. ഫോർമാലിൻ ചോർച്ച കണ്ടതോടെ തൃക്കരിപ്പൂർ അഗ്നിരക്ഷാ സേനയെ അറിയിച്ചു.

തുടര്‍ന്ന് അഗ്നിശമന സേന സ്ഥലത്തെത്തി ചോര്‍ച്ചയുണ്ടായ കന്നാസ് പുറത്തെത്തിച്ചു. തൃക്കരിപ്പൂർ സ്റ്റേഷൻ ഓഫീസർ കെ.എം ശ്രീനാഥൻ, സീനിയർ ഫയർ ഓഫീസർ എം പ്രേമൻ, കെ ഗോപി, ഷൈജിത്ത് കുമാർ, എ പ്രസാദ്, വി വിനു എന്നിവരുൾപ്പെടെയുള്ള സേനാംഗങ്ങളാണ് ഫോർമാലിൻ മാറ്റുന്നതിന് നേതൃത്വം നൽകിയത്. ഓക്സിജൻ മാസ്കുകൾ ധരിച്ച് ചോർച്ചയുണ്ടായ കന്നാസ് ലാബിന് പുറത്തെത്തിച്ച് അഞ്ച് ചെറിയ കാനുകളിലായി നിറച്ച് ചോർച്ച ഒഴിവാക്കുകയായിരുന്നു.
ഫോർമാലിൻ, ടുളുവിൻ എന്നിവ ജനിതക സസ്യ പ്രജനനം, സസ്യ തന്മാത്രാ പ്രജനനം തുടങ്ങിയ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായാണ്കാർഷിക ഗവേഷണ കേന്ദ്രത്തിലെ ലാബിൽ സൂക്ഷിക്കുന്നത്.