രണ്ടാഴ്ച പിന്നിട്ട് റഷ്യന്‍ അധിനിവേശം; യുക്രെയ്ന്‍, റഷ്യ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ന്

കീവ്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം അവസാനിപ്പിക്കാനായുള്ള ശ്രമങ്ങളുടെ ഭാഗമായി ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ഇന്ന് ചർച്ച നടത്തും. തുർക്കിയിലാണ് ചർച്ച നടക്കുക. യുക്രെയ്നിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ റഷ്യ പാതയൊരുക്കിയ അന്തരീക്ഷത്തിൽ കൂടിയാണ് ചർച്ച.

റഷ്യ-യുക്രെയ്ൻ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ അനുനയ നീക്കങ്ങൾ ശക്തിപ്പെടുകയാണ്. യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയും റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവും തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടക്കും. തുർക്കിയിലെ അന്താല്യയിലാണ് ചർച്ച നടക്കുക. തുർക്കി പ്രസിഡന്‍റ് തയ്യിപ് എർദോഗനാണ് അനുനയ ശ്രമങ്ങൾക്ക് മുൻകൈയെടുത്തത്. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി എർദോഗൻ കഴിഞ്ഞ ഞായറാഴ്ച ഫോണിൽ സംസാരിച്ചിരുന്നു. ചർച്ചയിൽ തുർക്കി വിദേശകാര്യമന്ത്രി മെവ്‌ലൂദ് ചവുഷോഗ്‌ലുവും പങ്കെടുക്കും. യുക്രെയ്ൻ സംഘർഷം സംബന്ധിച്ചുള്ള ആദ്യത്തെ മന്ത്രിതല ചർച്ച എന്ന പ്രത്യേകത കൂടി ഈ കൂടിക്കാഴ്ചയ്ക്കുണ്ട്.

യുക്രെയ്നിലെ റഷ്യൻ ആക്രമണം തുടങ്ങിയതിനുശേഷം വിദേശരാജ്യത്ത് ലാവ്‍റോവ് പങ്കെടുക്കുന്ന ആദ്യ യോഗവുമാണിത്. നാറ്റോ അംഗമായ തുർക്കിക്ക് യുക്രെയ്നുമായും റഷ്യയുമായും നല്ല ബന്ധമാണ്.
വെടിനിർത്തലിനും യുക്രെയ്ൻ പ്രദേശങ്ങളെ റഷ്യയുടെ പിടിയിൽനിന്ന് മോചിപ്പിക്കുന്നതിനുമാണ് യുക്രെയ്ൻ മുൻഗണന നൽകുന്നതെ‌ന്നും ചർച്ച വിജയിക്കുമെന്ന കാര്യത്തിൽ വലിയ പ്രതീക്ഷയില്ലെന്നും വിദേശകാര്യമന്ത്രി കുലേബ വ്യക്തമാക്കിയിട്ടുണ്ട്. യുക്രെയ്ൻ ഉന്നത ഉദ്യോഗസ്ഥരുമായി നേരത്തേ ബെലാറസ് അതിർത്തിയിൽ നടത്തിയ 3 ചർച്ചകളിൽ നേരിയ പുരോഗതിയുണ്ടെന്നാണ് റഷ്യയുടെ നിലപാട്.

Comments (0)
Add Comment