GOVINDA CHAMY| ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്; പുറത്തിറങ്ങിയ ശേഷം അഴികള്‍ തിരികെ കെട്ടിവച്ചു

Jaihind News Bureau
Sunday, July 27, 2025

ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തു ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്. പുറത്തിറങ്ങിയ ശേഷം അഴികള്‍ തിരികെ കെട്ടിവച്ചതിന് ശേഷമാണ് പുറത്തേക്ക് കടക്കുന്നത്. സെല്ലിന്റെ അഴികള്‍ മുറിച്ച് മാറ്റിയതിന്റെ ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. ജയിലിലെ സുരക്ഷാ വീഴ്ച ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

വെളളിയാഴ്ച പുലര്‍ച്ചെ 1.12 ഓടു കൂടി ഗോവിന്ദച്ചാമി സെല്ലില്‍ നിന്ന് പുറത്തേക്ക് കടക്കുന്നതിന്റെ ദൃശ്യമാണ് പുറത്ത് വന്നത്. സെല്ലിലെ അഴികള്‍ മുറിച്ച് സെല്ലില്‍ നിന്ന് കടക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പുറത്തിറങ്ങിയ ശേഷം അഴികള്‍ തല്‍സ്ഥാനത്ത് കെട്ടിവച്ചതിവ് ശേഷമാണ് പുറത്തേക്ക് കടക്കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. മുറിച്ച അഴികള്‍ ഗോവിന്ദച്ചാമി കെട്ടിവെക്കുന്നതും ദൃശ്യത്തിലുണ്ട്.

മാസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് ജയില്‍ ചാടിയത് എന്ന മൊഴി ഗോവിന്ദച്ചാമി പൊലീസിന് നല്‍കിയിരുന്നു. ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ താമസിപ്പിച്ചിരുന്നത്. സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങിയ ശേഷം തുണികള്‍ കൂട്ടിക്കെട്ടി വലിയ ചുറ്റു മതില്‍ ചാടിക്കടക്കുകയായിരുന്നു.

സെല്ലിന് പുറത്തെത്തിയ ഗോവിന്ദച്ചാമി, വെള്ളിയാഴ്ച പുലര്‍ച്ചെ 4.15 വരെ ജയില്‍ വളപ്പിനുള്ളിലെ മരത്തിന് സമീപം നില്‍ക്കുന്നതായി സിസിടിവിയില്‍ വ്യക്തമായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ജയില്‍ ചാടിയ ഇയാളെ മണിക്കൂറുകള്‍ക്ക് ശേഷമാണ് പിടികൂടുന്നത്. ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം അന്വേഷിക്കാനായി രണ്ടംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഹൈക്കോടതി മുന്‍ ജഡ്ജി സി.എന്‍.രാമചന്ദ്രന്‍ നായര്‍, സംസ്ഥാന മുന്‍ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരെയാണ് നിയോഗിച്ചത്. രണ്ടംഗ അന്വേഷണ സമിതി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്.