മണ്ഡലകാലം കഴിയുന്നതുവരെ എറണാകുളം നോർത്ത് റെയില്‍വേ സ്റ്റേഷനിലെ ഫുഡ് സ്റ്റാളുകള്‍ നിലനിർത്തണം; റെയില്‍വേ മന്ത്രിക്ക് ഹൈബി ഈഡന്‍ എംപിയുടെ കത്ത്

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ ഫുഡ് സ്റ്റാളുകളുടെ ലൈസൻസ് കാലാവധി മണ്ഡല കാലം കഴിയുന്നതുവരെ ദീർഘിപ്പിക്കണം എന്ന് ഹൈബി ഈഡൻ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും ഡിവിഷണൽ മാനേജർക്കും ഐആർസിടിസി ചെയർമാനും ഹൈബി ഈഡൻ എം.പി നേരത്തെ കത്ത് നൽകിയിരുന്നു. എന്നാൽ ഫുഡ് സ്റ്റാളുകൾ ഒഴിയണമെന്ന് ഐആർസിടിസി വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനാല്‍ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഹൈബി ഈഡൻ എംപി കത്ത് നല്‍കി.

ഫുഡ് സ്റ്റാളുകളുടെ നിലവിലെ കോൺട്രാക്ട് കാലാവധി ഡിസംബർ 31 ന് അവസാനിക്കുകയാണ്. സ്റ്റേഷൻ വികസനത്തിന്‍റെ പശ്ചാത്തലത്തിൽ പുതിയ ടെൻഡർ നടപടിക്രമങ്ങൾ പൂർത്തിയായിട്ടുമില്ല. ദക്ഷിണേന്ത്യയിലെ മുഴുവൻ തീർത്ഥാടകർക്കും ശബരിമല യാത്രാ വേളയിൽ ഏറെ ഉപകാരപ്രദമാണ് ഈ ഫുഡ് സ്റ്റാളുകള്‍.

മകരവിളക്ക് കഴിഞ്ഞ് തീർത്ഥാടകർ തിരിച്ച് യാത്രയാവുന്ന കാലയളവ് വരെ ഈ ഫുഡ് സ്റ്റാളുകൾ നില നിർത്തണം എന്ന് ഹൈബി ഈഡന്‍ എംപി കത്തില്‍ ആവശ്യപ്പെട്ടു. ഐആർസിടിസി ചെയർമാനുമായി വിഷയം ഫോണിൽ സംസാരിച്ചിരുന്നതായും ഹൈബി ഈഡൻ എംപി പറഞ്ഞു.

 

Comments (0)
Add Comment