തിരുവനന്തപുരം : ചലച്ചിത്രതാരം മണിയന്‍പിള്ള രാജുവിന് സര്‍ക്കാരിന്റെ ഓണക്കിറ്റ് വീട്ടിലെത്തിച്ച് നല്‍കിയത് വിവാദത്തില്‍. ഇ പോസ് മെഷീനില്‍ വിരല്‍ പതിപ്പിച്ച് കാര്‍ഡ് വിവരങ്ങള്‍ ഉറപ്പാക്കിയശേഷം വിതരണം ചെയ്യേണ്ട കിറ്റാണ് നടന്റെ വീട്ടിലെത്തി മന്ത്രി ജി.ആര് അനില്‍ കൈമാറിയത്. ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ മന്ത്രിയുമായി ബന്ധപ്പെട്ടവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിനുപിന്നാലെയാണ് സംഭവം വിവാദമായത്.
വാർത്ത പുറത്തുവന്നതിനു പിന്നാലെ മണിയന്‍പിള്ള രാജുവിന് എത്തിച്ചുനല്‍കിയതു പോലെ എല്ലാവർക്കും വീട്ടില്‍ കൊണ്ടുപോയി കിറ്റ് കൊടുക്കുമോ എന്ന് സമൂഹമാധ്യമങ്ങളിലടക്കം വിമർശനം ഉയർന്നു. കിടപ്പുരോഗികള്‍ക്കു പോലും മറ്റൊരാളെ രേഖാമൂലം നിയോഗിച്ച് റേഷൻ വാങ്ങാന്‍ നിർദ്ദേശിച്ചിരിക്കുമ്പോഴാണ് സർക്കാർ നടപടി.
ജൂലൈ 31 മുതലാണ് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. പാവപ്പെട്ടവരും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടവരുമായ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് ഓഗസ്റ്റ് 3 വരെ കിറ്റ് വിതരണം ചെയ്യുന്നത്. മുൻഗണന ഇതര വിഭാഗത്തിലെ സബ്സിഡി ഇല്ലാത്ത വെള്ള കാർഡ് ഉടമയാണ് മണിയൻപിള്ള രാജു. ആഗസ്റ്റ് 13 മുതലാണ് വെള്ള കാര്‍ഡ് അംഗങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്യുക.
റേഷന്‍കടകളില്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനത്തിനായി ‘പ്രമുഖരെ’ കണ്ടെത്തണമെന്ന സർക്കാർ നിർദേശവും നേരത്തെ വിവാദമായിരുന്നു. വിതരണോദ്ഘാടനത്തിന്റെ ചിത്രങ്ങൾ സിവിൽ സപ്ലൈസ് ഡയറക്ടറെയോ ജില്ലാ സപ്ലൈ ഓഫീസറെയോ അറിയിക്കാനാണു റേഷൻ വ്യാപാരികളോടു നിർദേശിച്ചത്. പിന്നാലെ അങ്ങനെയൊരു നിർദേശം നൽകിയിട്ടില്ലെന്നു മന്ത്രി വിശദീകരിച്ചെങ്കിലും ഇതു സംബന്ധിച്ച രേഖകൾ പുറത്തുവന്നതോടെ സിവിൽ സപ്ലൈസ് ഡയറക്ടർ നിർദേശിച്ചിരുന്നുവെന്ന് വ്യക്തമായി.