സാമ്പത്തിക പ്രതിസന്ധിയില്‍ മറുപടിയില്ല; വാർത്താസമ്മേളനം റദ്ദാക്കി നിർമല സീതാരാമന്‍

Jaihind Webdesk
Friday, September 13, 2019
രാജ്യം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ യാതൊരു നടപടികളും സ്വീകരിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമര്‍ശനം നിലനില്‍ക്കുന്നതിനിടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍ നാളെ നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കി. ഇന്ത്യ പ്രതീക്ഷിച്ചത്ര വളര്‍ച്ചാനിരക്ക് കൈവരിക്കില്ലെന്ന ഐ.എം.എഫിന്‍റെ റിപ്പോര്‍ട്ടിന് പിന്നാലെ ധനകാര്യമന്ത്രി വാർത്താസമ്മേളനം വേണ്ടെന്നുവെച്ചത്. നേരത്തെ മന്ത്രിയുടെ പല പ്രസ്താവനകളും വിവാദമായ സാഹചര്യത്തിലാണ് മാധ്യമങ്ങളെ കാണേണ്ടെന്ന നിർമല സീതാരാമന്‍റെ തീരുമാനമെന്നാണ് സൂചന.
അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്ന സാഹചര്യത്തില്‍ ഏവരും ആകാംക്ഷയോടെയായിരുന്നു ധനമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തെ നോക്കിക്കണ്ടത്. എന്നാല്‍ വാര്‍ത്താസമ്മേളനം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പും എത്തുകയായിരുന്നു. അതേസമയം നിലവിലെ സാഹചര്യം കൈകാര്യം ചെയ്യാനുള്ള പ്രാപ്തിയില്ലായ്മായാണ് സര്‍ക്കാരിന്‍റെ അയഞ്ഞ നിലപാടിന് പിന്നിലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് രാജ്യത്തിന്‍റെ വ്യാപാര വാണിജ്യ മേഖലകളെല്ലാം തന്നെ കടുത്ത പ്രതിസന്ധിയെ നേരിടുമ്പോഴും നിരുത്തരവാദപരമായ  പ്രസ്താവനകളിലൂടെ രാജ്യത്ത് പ്രതിസന്ധിയില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് കേന്ദ്ര സർക്കാരും ധനമന്ത്രിയും ശ്രമിക്കുന്നത്. അബദ്ധപ്രസ്താവനകളിലൂടെ വാര്‍ത്തകള്‍ സൃഷ്ടിക്കുകയല്ല, മറിച്ച് അടിയന്തര നടപടികളാണ് രാജ്യത്തിന് ആവശ്യമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഇക്കാര്യം പലതവണ കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അഞ്ചിന നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു. മന്‍മോഹന്‍ സിംഗ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും ദുർബലമാണെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര നാണയ നിധിയും രംഗത്തെത്തി. എന്നാല്‍ ഇതുസംബന്ധിച്ച് ആധികാരികമായ മറുപടി കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.  ഇക്കാര്യത്തില്‍ കേന്ദ്ര ധനമന്ത്രി മറുപടി നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മന്ത്രി വാര്‍ത്താസമ്മേളനം റദ്ദാക്കിയതിലൂടെ സർക്കാരിനും പ്രതിസന്ധി സംബന്ധിച്ച് തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമായി.

കേന്ദ്ര സർക്കാരിന്‍റെ ദിശാബോധമില്ലാത്തതും തെറ്റായതുമായ സാമ്പത്തിക നയങ്ങള്‍ കാരണം  അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതിന് ഉദാഹരണമാണ് രാജ്യത്തെ വാഹനവിപണി. എന്നാല്‍ പുതുതലമുറയിലെ ചെറുപ്പക്കാര്‍ ഊബർ, ഒല തുടങ്ങിയ ഓൺലൈൻ ടാക്സികളെ ആശ്രയിക്കുന്നതാണ് വാഹന നിര്‍മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു നിർമല സീതാരാമന്‍റെ കണ്ടെത്തല്‍. ഇത് വലിയ ആക്ഷേപങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. രാജ്യത്തെ ബാധിച്ചിരിക്കുന്ന വലിയ ഒരു പ്രതിസന്ധിയെ ഇത്തരത്തില്‍ തികച്ചും ലാഘവത്തോടെ സമീപിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് സാമ്പത്തിക മേഖലയില്‍ നിന്നും ഉണ്ടായത്. മുന്‍ നിശ്ചയിച്ച പ്രകാരം പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനം നിര്‍മല സീതാരാമന്‍ റദ്ദാക്കിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ ധനകാര്യമന്ത്രാലയം മടിക്കുകയാണ്.