ന്യൂദല്‍ഹി: പ്രളയദുരിതാശ്വാസത്തിനായി കേന്ദ്രം കേരളത്തിന് പ്രഖ്യാപിച്ച 3048 കോടി രൂപയില്‍ നിന്ന് 143.54 കോടി രൂപ വെട്ടിക്കുറച്ചു. ആഭ്യന്തരവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡിസംബര്‍ പത്തിന് ഇറക്കിയ ഉത്തരവില്‍ കേരളത്തിന് 2304.85 കോടി രൂപ നല്‍കാനാണ് ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തേ അനുവദിച്ച 600 കോടിയും സംസ്ഥാന ദുരന്തനിവാരണനിധി (എസ്ഡിആര്‍എഫ്.)യില്‍ ഓഖി ദുരിതാശ്വാസമായി അനുവദിച്ചതില്‍ ചെലവഴിക്കാതെ ബാക്കിയുള്ള 143.54 കോടിയും കുറച്ചാണിതെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ഖജനാവിലേക്ക് ഈ തുക കുറച്ചാണ് കിട്ടിയതെന്ന് എസ്.ഡി.ആര്‍.എഫിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എസ്.ഡി.ആര്‍.എഫിന് അടുത്ത വര്‍ഷത്തേക്ക് ഉപയോഗിക്കാവുന്ന ഫണ്ടാണെന്നും ഇത് പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഇനി കുറച്ച തുക കിട്ടുമോ എന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായി മറുപടി പറഞ്ഞില്ല. മുന്‍വര്‍ഷം അനുവദിച്ച തുക ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ അതുകുറച്ചാണ് കേന്ദ്രം എസ്.ഡി.ആര്‍.എഫിലേക്ക് തുക അനുവദിക്കുകയെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. കുറച്ച തുക പിന്നീട് നല്‍കാറില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡിസംബര്‍ ആറിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു കേരളത്തിന്റെ നിരന്തരമായ ആവശ്യം മാനിച്ച് ദേശീയ ദുരന്തനിവാരണനിധിയില്‍നിന്ന് കേരളത്തിന് 3048 കോടി രൂപ അനുവദിക്കാന്‍ തീരുമാനമായത്. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് കൂടുതല്‍ സഹായം ചോദിച്ച് പാര്‍ലമെന്റില്‍ എംപിമാര്‍ ധര്‍ണ നടത്തിയ 13-നാണ് വെട്ടിക്കുറച്ചതിനുശേഷമുള്ള തുക കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ഖജനാവിലേക്ക് കൈമാറിയത്.
ഇതിന് തൊട്ടു മുന്‍പിലത്തെ ദിവസം പ്രത്യേക സാമ്പത്തികസഹായം അനുവദിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതിന് വകുപ്പില്ലെന്നായിരുന്നു ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ മറുപടി. പ്രളയകാലത്ത് അനുവദിച്ച അരിക്കും മണ്ണെണ്ണയ്ക്കും വില നല്‍കേണ്ടിവരുന്ന അവസ്ഥയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. അതു കൂടി കണക്കിലെടുത്താല്‍ ഇനി ലഭിച്ച ഫണ്ടില്‍ നിന്ന് 265. 74 കോടി കൂടി തിരിച്ചുനല്‍കേണ്ടിവരും
പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന് 31000 കോടി നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്ര സമിതി പഠനസമിതി കണക്കാക്കിയിരുന്നു.ഏറ്റവും അധികം നാശനഷ്ടനുണ്ടായിട്ടുള്ളത് ഗതാഗത മേഖലക്കാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 10,046 കോടി രൂപയുടെ നാശനഷ്ടമാണ് ഗതാഗത മേഖലയ്ക്കുണ്ടായത്.
ആദ്യമുണ്ടായ മഴയിലെ നഷ്ടത്തിന് 820 കോടിയും പിന്നീടുണ്ടായ പ്രളയനഷ്ടത്തിന് 4796 കോടിയുമടക്കം 5616 കോടി രൂപ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക സഹായമായി 5000 കോടിയുടെ പാക്കേജും അഭ്യര്‍ഥിച്ചു. ഈ തുക മുഴുവന്‍ അനുവദിച്ചാലും നഷ്ടം നികത്താനാവില്ല. ഇതിനിടെയാണ് ഇപ്പോഴത്തെ വെട്ടിക്കുറയ്ക്കല്‍.