വോട്ടർ പട്ടികയില്‍ ക്രമക്കേടിന്‍റെ പ്രളയം ; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, March 24, 2021

കണ്ണൂർ : കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടിന്‍റെ പ്രളയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥര്‍ക്ക് ക്രമക്കേടിൽ പങ്കുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വോട്ടർ പട്ടികയിലെ കൂടുതല്‍ ക്രമക്കേടുകള്‍ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയത്.

ഒരേ വോട്ടര്‍മാർക്ക് പല മണ്ഡലത്തില്‍ വോട്ടുള്ളതായി രമേശ് ചെന്നിത്തല പറഞ്ഞു. ഇവര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡും നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഒരു വോട്ടര്‍ക്ക് രാവിലെ യഥാര്‍ത്ഥ മണ്ഡലത്തില്‍ വോട്ട് ചെയ്ത് ആ മഷി മായിച്ചു കളഞ്ഞതിനുശേഷം അടുത്ത മണ്ഡലത്തില്‍ പോയി വോട്ട് ചെയ്യാം. അല്ലെങ്കില്‍ അടുത്ത മണ്ഡലങ്ങളിലെ അയാളുടെ വോട്ട് മറ്റാര്‍ക്കെങ്കിലും കള്ളവോട്ട് ചെയ്യാവുന്ന സാഹചര്യമാണെന്നും ചെന്നിത്തല പറഞ്ഞു.

ഇത്തരത്തില്‍ 1,09,693 വോട്ടുകളാണ് ഉള്ളത്. ഇരിക്കൂറിലെ 127 വോട്ടര്‍മാര്‍ക്ക് പയ്യന്നൂരില്‍ വോട്ടുണ്ട്. കല്യാശേരിയിലെ 91 പേര്‍ക്കും ഇരിക്കൂറില്‍ വോട്ടുണ്ട്. ഇരിക്കൂറിലെ അന്യമണ്ഡല വ്യാജവോട്ടര്‍മാര്‍ 537 ആണ്. കുണ്ടറ മണ്ഡലത്തില്‍ 287 അന്യമണ്ഡല വോട്ടര്‍മാരുമുണ്ട്. 140 മണ്ഡലങ്ങളിലും ഇത്തരത്തില്‍ സമീപ മണ്ഡലങ്ങളില്‍ നിന്നുള്ള വോട്ടര്‍മാരുണ്ട്. ചേര്‍ത്തലയില്‍ പൂഞ്ഞാറിലും അരൂരിലും ഉള്ളവര്‍ക്ക് 1205 വോട്ടുകളുള്ളതായും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസുകാര്‍ ചേര്‍ത്താലും കമ്യൂണിസ്റ്റുകാര്‍ ചേര്‍ത്താലും നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയുടെ ആരോപണത്തിനുള്ള മറുപടിയായി ചെന്നിത്തല പറഞ്ഞു. കള്ളവോട്ടര്‍മാരെ ചേര്‍ത്തത് സിപിഎമ്മുകാരാണെന്നും രമേശ്  ചെന്നിത്തല കണ്ണൂരില്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.