നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ ഇന്ന് ഉച്ചയോടെ പുനരാരംഭിക്കും

നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ ഇന്ന് ഉച്ചയ്ക്ക് 12ന് പുനരാരംഭിക്കും. വിമാനത്താവളത്തിനു പിന്നിലെ ചെങ്ങൽ തോട് നിറഞ്ഞൊഴുകുന്നതിനാൽ റൺവേയിലേക്ക് വെള്ളം ഇരച്ച് കയറിയതിനെത്തുടർന്നാണു പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചത്.

സ്ഥിതിഗതി വിലയിരുത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്നും സിയാൽ അധികൃതർ അറിയിച്ചു. ഏഴു വിമാനങ്ങൾ റൺവേയിൽ കുടുങ്ങിയിട്ടുണ്ട്. റൺവേയിൽ കുടുങ്ങിയ എത്തിഹാദിന്‍റെ അബുദാബി – കൊച്ചി, ഇൻഡിഗോയുടെ ഭുവനേശ്വർ, തിരുവനന്തപുരം ബംഗളുരു എന്നീ വിമാനങ്ങളും എയർ ഇന്ത്യയുടെ ദുബായ്, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും ഇന്നു വൈകിട്ടോടെ പുറപ്പെടും. നെടുമ്പാശേരിയിലേക്കുള്ള 20 വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിട്ടിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി ഒൻപത് മുതലാണു വിമാനത്താവളം അടച്ചത്.

തിരുവനന്തപുരത്തും കോഴിക്കോടും ഇറങ്ങുന്ന യാത്രക്കാരെ കെ.എസ്.ആർ.ടി.സി. ബസുകൾ വഴി യഥാസ്ഥലങ്ങളിൽ എത്തിക്കുന്നുണ്ട്. ഇതിനായി കെ.എസ്.ആർ.ടി.സി. കൂടുതൽ ലോഫ്ളോർ ബസുകൾ സർവീസ് ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്‍റെ റൺവേയുടെ മതിൽ പൊളിച്ചാണു റൺവേയിലെ വെള്ളം ഒഴുക്കിക്കളയുന്നത്. അടിയന്തര സുരക്ഷാ യോഗം ചേർന്ന് വിമാനത്താവളത്തിന്‍റെ സ്ഥിതിഗതി വിലയിരുത്തി. വെള്ളം നീക്കം ചെയ്യുന്നതിനിടെ ഇന്നലെ വീണ്ടും റൺവേയിൽ വെള്ളം കയറിയതും പ്രശ്നമായിരിക്കുകയാണ്.

Comments (0)
Add Comment