നീണ്ട കാത്തിരിപ്പിന് വിട : ഗള്‍ഫില്‍ നിന്നുള്ള പ്രത്യേക വിമാനം യുഎഇയില്‍ നിന്ന് പുറപ്പെട്ടു ; യാത്രക്കാര്‍ക്കെല്ലാം റാപ്പിഡ് കൊവിഡ് ടെസ്റ്റ്, പ്രവാസികള്‍ക്ക് ഇനി നാട്ടിലും ‘ക്വാറന്‍റൈന്‍ കാലം’| VIDEO

B.S. Shiju
Thursday, May 7, 2020

 

ദുബായ് / അബുദാബി : കൊവിഡ് സംബന്ധിച്ച നീണ്ട ആശങ്കകള്‍ക്കിടെ, ഗള്‍ഫില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ വിമാനം, യുഎഇയില്‍ നിന്ന് പുറപ്പെട്ടു. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കാണ് ഈ ആദ്യ വിമാനം പറന്നത്. അതേസമയം, ദുബായില്‍ നിന്നുള്ള പ്രത്യേക വിമാനം കോഴിക്കോട്ടേയ്ക്കാണ്. ഓരോ യാത്രക്കാരെയും റാപ്പിഡ് കൊവിഡ് ടെസ്റ്റ് നടത്തിയാണ് വിമാനത്തില്‍ കയറ്റിയത്.

മടക്കയാത്രയ്ക്ക് ഏറ്റവും കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തത് യുഎഇയില്‍ നിന്നായിരുന്നു. എയര്‍ഇന്ത്യ എക്‌സ്പ്രസ്സിന്റെ  രണ്ടു വിമാനങ്ങളാണ് ഇതിനായി ഒരുക്കിയത്. എംബസി വഴി രജിസ്റ്റര്‍ ചെയ്തവരില്‍, കൂടുതലും കേരളത്തില്‍ നിന്ന് ആയതിനാല്‍, ആദ്യ സര്‍വീസ് അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും , രണ്ടാമത്തേത് ദുബായില്‍ നിന്ന് കോഴിക്കോട്ടേയ്ക്കുമായിരുന്നു. രണ്ട് വിമാനങ്ങളിലായി ആകെ 350 ല്‍, താഴെ യാത്രക്കാരാണുള്ളത്. ഇതില്‍ ഗര്‍ഭിണികള്‍, രോഗികള്‍ , പ്രായമായവര്‍ എന്നിവരായിരുന്നു കുടുതല്‍.

ഓരോ യാത്രകാര്‍ക്കും റാപ്പിഡ് കൊവിഡ് ടെസ്റ്റ് നടത്തിയാണ് വിമാനത്തില്‍ കയറ്റിയത്. എന്നാല്‍ ഈ പരിശോധന എത്രമാത്രം വിശ്വാസയോഗ്യമാണെന്ന സംശയങ്ങളും ആശങ്കകളും ചില യാത്രക്കാര്‍ ജയ്ഹിന്ദ് ന്യൂസുമായി പങ്കുവെച്ചു. ഒരു യാത്രക്കാരന്, ഇരുപത് മിനിറ്റ് വരെ, പരിശോധനയ്ക്ക് സമയമെടുത്തു. കൂടാതെ, എല്ലാ യാത്രകാര്‍ക്കും മാസ്‌കും, സാനിറ്റൈസറും , ഗ്‌ളൗസുകളും നല്‍കിയാണ് അകത്ത് കയറ്റിയത്. ഇനി നാട്ടില്‍ എത്തിയാല്‍, പ്രവാസികള്‍ക്ക് ക്വാറന്റൈന്റെ കാലമാണ്. ഇതുസംബന്ധിച്ച തയ്യാറെടുപ്പുകളോടെയാണ് പ്രവാസികള്‍ പറന്നത്. ഇപ്രകാരം, നീണ്ട ആശങ്കകള്‍ക്കും മാനസിക പിരിമുറുക്കങ്ങള്‍ക്കും വിരാമിട്ട്, നാട്ടിലേക്കുള്ള ആദ്യവിമാനത്തില്‍ പ്രവാസികള്‍ പറന്നു. വെള്ളിയാഴ്ച മുതല്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും വിമാന സര്‍വീസുകള്‍ ആരംഭിക്കും.