പി ജയരാജനെ സ്തുതിച്ച് ക്ഷേത്രപരിസരത്ത് ഫ്‌ലെക്‌സ് ബോര്‍ഡ്

Jaihind News Bureau
Saturday, April 5, 2025

കണ്ണൂര്‍ ഇരിവേരിയില്‍ സിപിഎം നേതാവ് പി ജയരാജനെ പ്രകീര്‍ത്തിച്ച് ഫ്‌ലെക്‌സ് ബോര്‍ഡ് ഉയര്‍ന്നു. ഇരിവേരി കക്കുന്നത്ത് ഭഗവതി ക്ഷേത്ര പരിസരത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. റെഡ് യംഗ്‌സ് കക്കോത്ത് എന്ന പേരിലാണ് ബോര്‍ഡ്.

തൂണിലും, തുരുമ്പിലും ദൈവം ഉണ്ടെന്ന് പറയുന്നത് പോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും നിലനില്‍ക്കും ഈ സഖാവ് എന്ന വാചകത്തോടെ പി ജയരാജന്റെ ഫോട്ടൊ ഉള്‍പ്പടെയാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. പി ജെ ആര്‍മിയുടെ പേരില്‍ പി.ജയരാജനെ പ്രകീര്‍ത്തിച്ച് മുന്‍വര്‍ഷം ബോര്‍ഡ് സ്ഥാപിച്ചത് പാര്‍ട്ടിയില്‍ വിവാദമായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് അടുത്തിടെ പി. ജയരാജനെ ഒഴിവാക്കിയത് കണ്ണൂരിലെ ഒരു വിഭാഗം സിപിഎമ്മുകാര്‍ക്കിടയില്‍ വിവാദമായിരുന്നു. കാല്‍ നൂറ്റാണ്ടായി സംസ്ഥാന സമിതിയില്‍ കൊല്ലം സമ്മേളനത്തിലും തഴയപ്പെട്ടു. പ്രായപരിധി നിബന്ധന കര്‍ശനമായതോടെ അടുത്ത സമ്മേളനത്തോടെ ജയരാജന് വിരമിക്കേണ്ടിവരും. പിണറായി വിജയന് അനഭിമതനായതോടെയാണ് ജയരാജന്‍ തഴയപ്പെടുന്നത് എന്ന ആരോപണം സജീവമായി അദ്ദേഹത്തിന്റ അണികളിലുണ്ട്. അവരാണ് പി ജെ ആര്‍മി എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചതും സിപിഎം ഔദ്യോഗിക വിഭാഗത്തിനെതിരേ പ്രചരണം നടത്തുന്നതും. ഇതിന്റെ ഭാഗം കൂടിയാണ് ക്ഷേത്രപരിസരത്തെ ഫ്‌ളക്‌സ് പ്രദര്‍ശനം