ബ്രസീലിലെ രാജ്യാന്തര പ്രശസ്തമായ ഫ്ളമങ്കൊ ഫുട്‌ബോൾ ക്ലബ്ബിന്‍റെ യുവാക്കൾക്കുള്ള പരിശീലനകേന്ദ്രത്തിൽ തീപിടിത്തം. 10 പേർ മരിച്ചു. മരിച്ചവർ യുവ കളിക്കാരാണെന്ന് സംശയിക്കുന്നു.
14നും 17നും ഇടയിൽ പ്രായമുള്ളവരാണ് ഇവിടെ പരിശീലനത്തിലുള്ളത്. കളിക്കാർ ഒന്നിച്ചുകിടക്കുന്ന മുറിയിലാണ് തീപിടിച്ചത്. പുലർച്ചെയോടെയാണ് തീ പടർന്നത്. രണ്ടര മണിക്കൂർ കഴിഞ്ഞാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
ബ്രസീലിന്റെ നിരവധി ലോകതാരങ്ങളെ വളർത്തിയെടുത്ത കളിത്തട്ടാണ് ഫ്‌ലമെങ്കൊ. ലോകപ്രസിദ്ധ കളിക്കാരായിരുന്ന റൊമാരിയോ, റൊണാൾഡിന്യോ, ബെബെറ്റൊ എന്നിവർ ഫ്‌ലമെങ്കോവിന്റെ സംഭാവനയാണ്.
ഇപ്പോൾ റയൽ മാഡ്രിഡിൽ കളിക്കുന്ന കൗമാരതാരം വിനീഷ്യസ് ജൂനിയർ വളർന്നതും ഫ്‌ലമെങ്കൊവിലൂടെയാണ്.അഞ്ചുതവണ ബ്രസീലിലെ ലീഗ് കിരീടം നേടിയ ഫ്‌ലമെങ്കൊ ഇപ്പോൾ പോയിന്റ്‌നിലയിൽ രണ്ടാമതാണ്.