തോക്കുമായി അഞ്ച് കശ്മീർ സ്വദേശികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍

Jaihind Webdesk
Thursday, September 2, 2021

തിരുവനന്തപുരം : തോക്കുമായി അഞ്ച് കശ്മീർ സ്വദേശികള്‍ തിരുവനന്തപുരത്ത് അറസ്റ്റിലായി. വ്യാജ ലൈസന്‍സുള്ള തോക്കുമായാണ് ഇവർ പിടിയിലായത്.  രജൗറി ജില്ലയിലെ കട്ടേരംഗ സ്വദേശികളായ ഷൗക്കത്തലി, ഷുക്കൂര്‍ മുഹമ്മദ്, മുഷ്താക്ക് ഹുസൈന്‍, ഗുസല്‍മാന്‍, മുഹമ്മദ് ജാവേദ് എന്നിവരാണ് പിടിയിലായത്. കരമന പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികളിലെ ജീവനക്കാരാണ് പിടിയിലായവർ. മഹാരാഷ്ട്രയിലെ റിക്രൂട്ടിംഗ് ഏജന്‍സി വഴിയാണ് തിരുവനന്തപുരത്ത് എത്തിയതെന്ന് പൊലീസ് പറയുന്നു. കരമന നീറമണ്‍കരയില്‍നിന്നാണ് ബുധനാഴ്ച വൈകിട്ടോടെ ഇവർ അറസ്റ്റിലായത്.  അഞ്ച് ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗണ്ട് വെടിയുണ്ടകളും ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും മിലിട്ടറി ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരും പിടിയിലായവരെ ചോദ്യം ചെയ്ത് വിവരങ്ങള്‍ തേടി. ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.