അഞ്ചര വയസ്സുകാരി പേവിഷബാധയേറ്റ് മരിച്ചതില്‍ ചികില്‍സാപ്പിഴവെന്ന് ആരോപണം. കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ കുട്ടിയുടെ പിതാവ് രംഗത്ത് വന്നു. കുട്ടിയുടെ തലയിലെ മുറിവുകള്‍ക്ക് ആദ്യഘട്ടത്തില്‍ കാര്യമായ ചികില്‍സ നല്‍കിയില്ലെന്നും ചെറിയ മുറിവുകള്‍ക്ക് ചുറ്റുമാണ് ഇന്ജക്ഷന് നല്‍കിയതെന്നും പിതാവ് ആരോപിക്കുന്നു. കുട്ടിയെ ആദ്യം കൊണ്ടുപോയത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ്. അവിടെ മരുന്നില്ലാത്തതിനാലാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചതെന്നും പിതാവ് പറയുന്നു.
മലപ്പുറം പെരുവള്ളൂരില് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. മലപ്പുറം സ്വദേശി സിയ ഫാരിസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തെരുവുനായയുടെ കടിയേറ്റ കുട്ടിക്ക് പ്രതിരോധ വാക്സിന് എടുത്ത ശേഷവും പേവിഷബാധ ഏല്‍ക്കുകയായിരുന്നു.