നിയന്ത്രണങ്ങളുടെ മറവില്‍ അതിക്രമം ; വള്ളങ്ങളും ഷെഡുകളും നശിപ്പിച്ചു ; മത്സ്യത്തൊഴിലാളികളോട് ദ്വീപ് ഭരണകൂടത്തിന്റെ ക്രൂരത

Thursday, May 27, 2021

കവരത്തി: നിയന്ത്രണങ്ങളുടെ മറവില്‍ അതിക്രമം തുടര്‍ന്ന് ലക്ഷദ്വീപ് ഭരണകൂടം. മല്‍സ്യത്തൊഴിലാളികളുടെ വള്ളങ്ങളും ഷെഡുകളും നശിപ്പിച്ചു. കൊവിഡിന്റെ പേരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് ജനങ്ങളെ വീടുകളില്‍
ബന്ധികളാക്കിയതിനു ശേഷമായിരുന്നു നടപടി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു

പൊലീസും ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരുമാണ് നേതൃത്വം നല്‍കിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ മല്‍സ്യത്തൊഴിലാളികളടക്കമുള്ള ദ്വീപ് നിവാസികള്‍ വീടുകളിലായിരുന്നു. വീടുകളില്‍നിന്ന് പുറത്തിറങ്ങിയവര്‍ക്ക് തങ്ങളുടെ ഉപജീവനോപാധികള്‍ നഷ്ടമായ കാഴ്ചയാണ് കാണാനായത്. ബോട്ടുകള്‍ കയറ്റിയിരുന്ന ഷെഡുകളെല്ലാം പൊളിച്ചതോടെ പലര്‍ക്കും കടലിലേക്ക് ബോട്ടുകള്‍ ഇറക്കേണ്ടിവന്നു. പിന്നാലെ ടൗട്ടെ ചുഴലിക്കാറ്റും ദ്വീപില്‍ വലിയ നാശനഷ്ടമാണ് വിതച്ചത്‌.