മോദി സർക്കാരിന്‍റെ ആദ്യബജറ്റ് നാളെ; സംസ്ഥാന പുനർനിർമ്മാണത്തിനും റെയിൽവേക്കും പരിഗണന വേണമെന്ന് കേരള എംപിമാർ

Jaihind Webdesk
Thursday, July 4, 2019

രണ്ടാം മോദി സർക്കാറിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. ഇന്ത്യൻ സമ്പദ്ഘടന പല വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കന്നി ബജറ്റ് അവതരിപ്പിക്കുന്നത്. ഇന്ദിരാഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ചരിത്രത്തില്‍ ഇടം നേടും.

ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവെ ഇന്ന് ലോക്‌സഭയിൽ വെക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ആഭ്യന്തര വളർച്ച നിരക്ക് 6.8 ശതമാനമായി കുറഞ്ഞു. കാർഷിക, വ്യാവസായിക മേഖലകളിലും പുരോഗതിയില്ല. അതിനാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ തന്നെയായിരിക്കും ബജറ്റിലെ പ്രധാന ഊന്നൽ.

പുനർ നിർമ്മാണത്തിനും ഒപ്പം റെയിൽവേ വികസനവും കൊച്ചി മെട്രോയും ഫിഷറീസ് മന്ത്രാലയവും എല്ലാം എറണാകുളം പാർലമെന്‍റ് മണ്ഡലത്തിന്‍റെ പ്രതീക്ഷകളാണെന്ന് ഹൈബി ഈഡൻ എം പി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

കേരളത്തിന്‍റെ പുനർ നിർമ്മാണത്തിനും ഒപ്പം റയിൽ തീരദേശ മേഘലയ്ക്കും തന്നെയാണ് തൃശൂർ എംപി ടിഎൻ പ്രതാപനും മുൻഗണന നൽകുന്നത്. കേരളത്തിന് പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കയെന്ന് ടി. എൻ. പ്രതാപൻ എം പി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. ബജറ്റിൽ കേരളത്തിന്‍റെ പ്രതീക്ഷകളും ആവശ്യങ്ങളും പങ്കുവെച്ച് സംസാരിക്കുകയായിരുന്നു കേരളത്തിൽ നിന്നുള്ള എംപിമാർ.