പടക്കശാല സ്ഫോടനം; ദുരിത ബാധിതര്‍ക്ക് സഹായധനം നല്‍കണം; മുഖ്യമന്ത്രിയുമായി ചർച്ച നടത്തും; വിഡി സതീശന്‍

Jaihind Webdesk
Thursday, March 2, 2023

കൊച്ചി: വരാപ്പുഴയിൽ പടക്കശാലയ്ക്ക് തീ പിടിച്ച് ഗുരുതരമായ അപകടമാണ് ഉണ്ടായതെന്ന് സ്ഥലം സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്ഫോടനത്തിൻ്റെ ആഘാതം ഒരു പ്രദേശത്തെ മുഴുവൻ ബാധിച്ചിട്ടുണ്ട്. നിരവധി വീടുകളുടെ വാതിലുകൾ അടക്കം തെറിച്ച് പോയി. നൂറോളം വീടുകൾക്ക് കേടുപാടുകളുണ്ട്. പല വീടുകളും ഇരുന്നു പോയ അവസ്ഥയിലാണ്. നാളെ മുതൽ റവന്യൂ അധികൃതരും വരാപ്പുഴ പഞ്ചായത്തും ചേർന്ന് വീടുകൾക്കുണ്ടായ നാശനഷ്ടം കണക്കാക്കും. സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ക്ലീനിംഗിനുള്ള നടപടികളും നാളെ തന്നെ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സഹായധനം സംബന്ധിച്ച് നാളെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കുമുള്ള സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമന്നും വി.ഡി.സതീശൻ വ്യക്തമാക്കി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.