മുംബൈയില്‍ ഇഡി ഓഫീസില്‍ തീപ്പിടിത്തം; ആളപായമില്ല

Jaihind News Bureau
Sunday, April 27, 2025

മുംബൈ: നഗരത്തിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റിന്റെ ഓഫീസില്‍ ഇന്ന് പുലര്‍ച്ചെ തീപ്പിടിത്തം. സംഭവത്തില്‍ ആളപായമോ ആര്‍ക്കെങ്കിലും പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തമുണ്ടായ സമയത്ത് ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല. ഇതാണ് വലിയ ദുരന്തം ഒഴിവാകാന്‍ കാരണം.

സംഭവമറിഞ്ഞ് അഗ്‌നിരക്ഷാസേനയുടെ 12 യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി. എട്ട് ഫയര്‍ എഞ്ചിനുകള്‍, ആറ് ജംബോ ടാങ്കറുകള്‍, ഒരു ഏരിയല്‍ വാട്ടര്‍ ടവര്‍ ടെന്‍ഡര്‍, ഒരു ബ്രീത്തിംഗ് അപ്പാരറ്റസ് വാന്‍, ഒരു റെസ്‌ക്യൂ വാന്‍, ഒരു ക്വിക്ക് റെസ്‌പോണ്‍സ് വെഹിക്കിള്‍, 108 സര്‍വീസിന്റെ ഒരു ആംബുലന്‍സ് എന്നിവ ഉള്‍പ്പെടുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയതെന്ന് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് മുംബൈ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ‘തീപ്പിടിത്തത്തിന്റെ കാരണം എന്താണെന്ന് ഇപ്പോള്‍ പറയാനാവില്ല, അന്വേഷണം നടക്കുകയാണ്,’ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.