വിവാദങ്ങളൊഴിയാതെ സാക്ഷരതാ മിഷൻ ; സാമ്പത്തിക തിരിമറിയെന്ന് ആക്ഷേപം

Jaihind Webdesk
Sunday, August 1, 2021

തിരുവനന്തപുരം : വിവാദങ്ങളൊഴിയാതെ സാക്ഷരതാ മിഷൻ. സാക്ഷരത മിഷനിൽ പത്ത്, ഹയർ സെക്കന്‍ഡറി തുല്യത കോഴ്സുകളിലായി ലഭ്യമാകുന്ന തുകയുടെ വിവരം സംസ്ഥാന ഓഫീസ് സൂക്ഷിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. എന്നാൽ കോഴ്സുകളുടെ ഫീസടക്കമുള്ള സാമ്പത്തിക ഇടപാടുകൾ നടക്കുന്നത് സംസ്ഥാന  സാക്ഷരതാമിഷന്‍റെ ബാങ്ക് അക്കൗണ്ടിലൂടെയെന്നും രേഖകൾ. സാമ്പത്തിക ഇടപാട് നേരിട്ട് നടത്തിയിട്ടും വിവരാവകാശ രേഖയിൽ അത് മറച്ചു വച്ചത് സാമ്പത്തിക തിരിമറി നടത്താൻ എന്ന ആക്ഷേപവും ശക്തമാണ്. വിവരാവകാശ രേഖയുടെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

സംസ്ഥാന സാക്ഷരത മിഷന് തന്നെ നാണക്കേടുണ്ടാക്കിയ വ്യാജ സർട്ടിഫിക്കറ്റ് വിതരണ വിവാദം ജയ്ഹിന്ദ് ന്യൂസ് പുറത്ത് കൊണ്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സാക്ഷരത മിഷനിൽ തുല്യത ഫണ്ടിലും തട്ടിപ്പ് നടക്കുന്നതായി ആക്ഷേപം ഉയർന്നിരിക്കുന്നത്. സാക്ഷരത മിഷൻ നടത്തുന്ന പത്ത്, ഹയർ സെക്കന്‍ഡറി തുല്യത കോഴ്സുകളിലായി ലഭ്യമാകുന്ന തുകയുടെ വിവരം സംസ്ഥാന ഓഫീസ് സൂക്ഷിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്. എന്നാൽ പത്താംതരം, ഹയർ സെക്കന്‍ഡറി തുല്യത കോഴ്സുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഫീസ് പഠിതാക്കൾ അടയ്ക്കേണ്ടത് സാക്ഷരത മിഷൻ സംസ്ഥാന ഓഫീസിൻ്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് എന്നതാണ് വാസ്തവം.

പത്താംതരം, ഹയർ സെക്കന്‍ഡറി കോഴ്സുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സാക്ഷരത മിഷന്‍റെ പേരിൽ പ്രത്യേകം അക്കൗണ്ടുകൾ ശാസ്തമംഗലത്തെ എസ്ബിഐ ബ്രാഞ്ചിലുണ്ടെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇത് മറച്ചുവെച്ച് വിവരങ്ങൾ ജില്ലാ ഓഫീസുകളിൽ ആണെന്ന തെറ്റായ വിവരമാണ് സാക്ഷരത മിഷൻ്റെ സംസ്ഥാന ഓഫീസ് വിവരാവകാശ രേഖയിൽ നൽകിയതെന്ന് വിവരാകാശം വഴി വിവരങ്ങൾ തേടിയ സാക്ഷരത മിഷനിൽ പ്രേരക് ആയി പ്രവർത്തിക്കുന്ന വ്യക്തി തന്നെ ചൂണ്ടിക്കാട്ടുന്നു.

പത്താംതരം തുല്യത കോഴ്സിന് 1850 രൂപയും ഹയർ സെക്കണ്ടറിക്ക് 2500 രൂപയുമാണ് ഫീസ്. 2016 ജൂലായ്‌ മുതൽ ഇതുവരെ ആകെ രണ്ട് ലക്ഷത്തോളം പേർ പത്തു, ഹയർ സെക്കന്ററി തുല്യത കോഴ്സുകളിൽ ചേർന്ന് പഠിച്ചു. ഇതിലൂടെ കോടിക്കണക്കിനു രൂപയാണ് സാക്ഷരത മിഷന് ലഭ്യമായത്. ഈ തുകയുടെ കണക്കാണ് സാക്ഷരത മിഷൻ്റെ പക്കലില്ലെന്ന് അധികൃതർ പറയുന്നത്. അങ്ങനെയെങ്കിൽ ഈ പണം എങ്ങോട്ട് പോയി? എന്തിന് വിനിയോഗിച്ചു? മറുപടി പറയേണ്ടത് സാക്ഷരതാമിഷൻ ആണ്.