സിപിഎം നിയന്ത്രണത്തിലുള്ള ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിലും തട്ടിപ്പ്; നിക്ഷേപകരുടെ ബഹളം

 

കണ്ണൂര്‍ :  കണ്ണൂരിലെ സിപിഎം ഭരിക്കുന്ന പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിലും നിക്ഷേപ തട്ടിപ്പ്. ചിട്ടിയിൽ ചേർന്നവർക്ക് കാലാവധി കഴിഞ്ഞിട്ടും ചിട്ടിപ്പണം ലഭിച്ചില്ലെന്ന് പരാതി. രണ്ട് കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായും പൊലീസിൽ പരാതി നൽകിട്ടും നടപടി എടുത്തില്ലെന്നും നിക്ഷേപകർ. സിപിഎം പ്രാദേശിക നേതാവായ സൊസൈറ്റിയുടെ പ്രസിഡന്‍റും സെക്രട്ടറിയും ചിട്ടി പണം ഉപയോഗിച്ച് സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതായി ആക്ഷേപം.

കഴിഞ്ഞ ഓഗസ്റ്റ് 15-ന് കാലാവധി പൂർത്തിയായ ചിട്ടിയുടെ നിക്ഷേപ തുക മാസങ്ങൾ കഴിഞ്ഞിട്ടും സൊസൈറ്റി അധികൃതർ തിരികെ നല്‍കുന്നില്ലെന്നാണ് ചിട്ടിക്ക് ചേർന്നവരുടെ പരാതി. മാസം 2,000 രൂപ വീതം അടച്ച് 50 മാസങ്ങൾ കൊണ്ട് തീരും വിധമാണ് ആളുകളെ നറുക്ക് ചിട്ടിക്ക് ചേർത്തത്. നറുക്ക് വന്നവർ തുടർന്ന് പണം അടക്കേണ്ടതില്ലാത്ത ചിട്ടിക്ക് 600 ലധികം ആളുകളാണ് ചേർന്നത്. ഇതിൽ 50 പേർക്ക് നറുക്കെടുപ്പിലൂടെ പണം നല്‍കി. ബാക്കിയുള്ളവരിൽ ഏതാനും പേർക്ക് പണം നല്‍കിയില്ല.

ചിലരുടെ ചിട്ടിപ്പണം സൊസൈറ്റിയിൽ സ്ഥിര നിക്ഷേപമായും എസ്ബി അക്കൗണ്ട് നിക്ഷേപമായും വകയിരുത്തുകയും ചെയ്തു. പണം ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകർ സൊസൈറ്റിയിൽ എത്തി ബഹളം വെച്ചു. നിക്ഷേപ തുക ഉപയോഗിച്ച് സിപിഎം പ്രാദേശിക നേതാവായ സെക്രട്ടറി സ്വത്തുക്കൾ വാങ്ങിയതായും ആക്ഷേപമുണ്ട്.

സൊസൈറ്റിയിലെ ക്രമക്കേടിനെ കുറിച്ച് നിരവധി പേർ പേരാവൂർ പോലീസിൽ പരാതി നല്‍കി. എന്നാൽ പൊലീസ് നിക്ഷേപ തുക നൽകാൻ സൊസൈറ്റിയുടെ സെക്രട്ടറിക്ക് സമയം അനുവദിക്കുകയാണ് ചെയ്തതെന്നും ആക്ഷേപമുണ്ട്.  സിപിഎം നേതൃത്വത്തിലുള്ള സഹകരണ സൊസൈറ്റിയിൽ നടന്ന മറ്റൊരു ക്രമക്കേടാണ് ഇതോടെ മറ നീക്കി പുറത്തുവന്നിരിക്കുന്നത്.

Comments (0)
Add Comment