കൊവിഡ്-19 രോഗ വ്യാപന സാധ്യത ഒഴിവാക്കാൻ സെക്രട്ടേറിയേറ്റ് ജീവനക്കാർക്ക് അടിയന്തിരമായി റാപ്പിഡ് ടെസ്റ്റ് നടത്തണമെന്ന് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഫൈനാൻസ് സെക്രട്ടേറിയേറ്റ് എംപ്ലോയീസ് കോൺഗ്രസ് കത്ത് നല്കി.
തിരുവനന്തപുരം ജില്ലയിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമായി നൂറുകണക്കിന് ജീവനക്കാർ ദിനംപ്രതി പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തി ജോലിക്ക് എത്തുന്നുണ്ട്. പൊതുജനങ്ങളുമായി നിരന്തരം ബന്ധപ്പെടേണ്ടി വരുന്ന വിഭാഗം ആയതു കൊണ്ട് തന്നെ കൃത്യമായ നിരീക്ഷണ , പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ല എങ്കിൽ സെക്രട്ടേറിയറ്റ് ജീവനക്കാർക്കിടയില് രോഗവ്യാപന സാധ്യത അധികമായുണ്ട്. മുഖ്യമന്ത്രി, മന്ത്രിമാർ, എം.എൽ.എമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി നിരന്തരം ബന്ധപ്പെടേണ്ടി വരുന്നവരാണ് സെക്രട്ടേറിയറ്റ് ജീവനക്കാർ. ആയതു കൊണ്ടു തന്നെ കൊവിഡ് 19 രോഗബാധ ഇല്ല എന്ന് ഉറപ്പു വരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും അതിനാല് ജീവനക്കാർക്ക് അടിയന്തിരമായി റാപ്പിഡ് ടെസ്റ്റ് നടത്തണമെന്നുമാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കോൺഗ്രസ് അനുകൂല സംഘടനയായ ഫൈനാൻസ് സെക്രട്ടേറിയേറ്റ് എംപ്ലോയീസ് കോൺഗ്രസ് പൊതുഭരണ സെക്രട്ടറി ജ്യോതിലാൽ ഐഎഎസിന് കത്ത് നൽകി. കത്തിന്മേൽ തുടർ നടപടി എടുക്കാൻ ഹെൽത്ത് സെക്രട്ടറിക്ക് അടിയന്തിര നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പൊതുഭരണ സെക്രട്ടറി വ്യക്തമാക്കി.
കത്തിന്റെ പൂർണരൂപം :
ബഹുമാനപ്പെട്ട പൊതുഭരണ സെക്രട്ടറി,
കേരളത്തിൽ കൊവിഡ് 19 രോഗ പ്രതിരോധത്തിന് ഊർജ്ജിത നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഊർജിതമായ രോഗ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കൊവിഡ് 19 ബാധിതരുടെ എണ്ണം അനുദിനം കൂടി വരുന്ന അതീവ ഗുരുതര സാഹചര്യത്തിലൂടെയാണ് നാം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. പ്രസ്തുത സാഹചര്യം നിലനിൽക്കെ 7. 6. 2020ലെ സ.ഉ (കൈ) നമ്പർ 112/2020 / പൊ .ഭ. വ.ഉത്തരവ് പ്രകാരം മുഴുവൻ സർക്കാർ ജീവനക്കാരുടേയും ഹാജർ ഉറപ്പു വരുത്തി ഓഫീസുകളുടെ പ്രവർത്തനം സാധാരണ നിലയിലാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളത്തിന്റെ ഭരണ സിരാകേന്ദ്രമെന്ന നിലയിൽ പ്രാധാന്യമുള്ള ഗവ. സെക്രട്ടേറിയറ്റിലേക്ക് തിരുവനന്തപുരം ജില്ലയിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമായി നൂറുകണക്കിന് ജീവനക്കാർ ദിനംപ്രതി പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തി ജോലിക്ക് എത്തുന്നുണ്ട്. പൊതുജനങ്ങളുമായി നിരന്തരം ബന്ധപ്പെടേണ്ടി വരുന്ന വിഭാഗം ആയതു കൊണ്ട് തന്നെ കൃത്യമായ നിരീക്ഷണ , പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ല എങ്കിൽ സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് രോഗവ്യാപന സാധ്യത അധികമായുണ്ട്. മന്ത്രിമാർ, എം.എൽ.എമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി നിരന്തരം ബന്ധപ്പെടേണ്ടി വരുന്ന സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ആയതു കൊണ്ടു തന്നെ കൊവിഡ് 19 രോഗബാധ ഇല്ല എന്ന് ഉറപ്പു വരുത്തേണ്ടത് അത്യന്താപേക്ഷിതവുമാണ്.
കേരളത്തിൽ കൊവിഡ് 19 മായി ബന്ധപ്പെട്ട് സമൂഹ വ്യാപന സാധ്യത പരിശോധിക്കുന്നതിനായി നിലവിൽ റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചിരിക്കുകയാണല്ലോ! പ്രസ്തുത സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒരു ക്യാമ്പസിൽ ഏറ്റവുമധികം ആൾക്കാർ ജോലി ചെയ്യുന്ന ഗവ. സെക്രട്ടേറിയറ്റിലെ ഒരു നിശ്ചിത ശതമാനം ജീവനക്കാരെക്കൂടി റാപ്പിഡ് ടെസ്റ്റിൽ ഉൾപ്പെടുത്തി കൊവിഡ് 19 പരിശോധന നടത്താനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഫൈനാൻസ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് കോൺഗ്രസ് അഭ്യർത്ഥിക്കുന്നു.