ഭാരത് ജോഡോ യാത്രയില്‍ അണിചേർന്ന് ചലച്ചിത്ര പ്രവർത്തകരും കായിക താരങ്ങളും; യാത്ര 100-ാം ദിനം രാജസ്ഥാനില്‍ പര്യടനം തുടരുന്നു

Jaihind Webdesk
Friday, December 16, 2022

ജയ്പുര്‍/രാജസ്ഥാന്‍: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി ചലച്ചിത്ര പ്രവർത്തകരും കായിക താരങ്ങളും. കഴിഞ്ഞ ദിവസം രാജസ്ഥാനിൽ വിഖ്യാത ചലച്ചിത്രകാരൻ ആനന്ദ് പട് വർധനും സീമന്തിനി ദുരുവും ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം പദയാത്രയിൽ അണി ചേർന്നു.

കോമൺവെൽത്ത് ഗോൾഡ് മെഡൽ ജേതാവും ഒളിമ്പ്യനുമായ കൃഷ്ണ പൂനിയ, ഏഷ്യൻ ഗോൾഡ് മെഡൽ ജേതാവും ഒളിമ്പ്യനുമായ ഭൂപീന്ദർ സിംഗ്, ഒളിമ്പ്യൻ റേസ് വാക്കർ സപാന പൂനിയ, ഒളിമ്പ്യൻ ഷൂട്ടർ ദിവ്യാൻഷ് സിംഗ് പാർമർ, ഒളിമ്പ്യൻ ആർച്ചർ ശ്യാം ലാൽ, ഒളിമ്പ്യൻ ആർച്ചർ ദുൽചന്ദ് ദാമോർ, ഏഷ്യൻ ഗോൾഡ് മെഡൽ ജേതാവ് സുമിത്ര, ദക്ഷിണേഷ്യൻ വെങ്കല മെഡൽ ജേതാവ് കച്ചനാർ ചൗധരി, ദ്രോണാചാര്യ അവാർഡ് ജേതാവ് വീരേന്ദർ പൂനിയ, മഹാറാണ പ്രതാപ് അവാർഡ് ജേതാവ്, ഹീരാനന്ദ് കടാരിയ, യോഗ ലോക റെക്കോർഡ് ഉടമ യോഗി രാംരാസ് രാംസ്നേഹി, അർജുന അവാർഡ് ജേതാവും സൗത്ത് ഏഷ്യൻ ഗെയിംസ് സ്വർണ്ണം നേടിയ ദേശീയ കബഡി ടീമിന്‍റെ ക്യാപ്റ്റനുമായ ദീപക് റാം നിവാസ് ഹൂഡ, ഏഷ്യൻ ഗോൾഡ് മെഡൽ ജേതാവും ഭീം അവാർഡ് ജേതാവുമായ ബോക്സർ സവീതി ബൂറ എന്നിവരാണ് രാഹുൽ ഗാന്ധിക്ക് ഒപ്പം പദയാത്രയിൽ ഇന്നലെ പങ്കെടുത്തത്.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിനത്തില്‍ ഇന്ന് രാജസ്ഥാനിൽ പര്യടനം തുടരുകയാണ്. മീന ഹൈക്കോടതി പരിസരത്തുനിന്നാണ് യാത്രയുടെ ഇന്നത്തെ പര്യടനം ആരംഭിച്ചത്. വൈകിട്ട് നാല് മണിക്ക് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണും. ആവേശോജ്വല സ്വീകരണം ഏറ്റുവാങ്ങി 8 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച യാത്ര നിലവിൽ രാജസ്ഥാനിലെ ദൗസയിൽ പര്യടനം തുടരുകയാണ്. ജാഥ സമാപിക്കുന്ന കശ്മീരിലെ ശ്രീനഗറിലെത്താൻ 737 കിലോമീറ്റർ മാത്രമാണ് ബാക്കിയുള്ളത്. 150 ദിവസങ്ങൾ കൊണ്ട് 3,750 കിലോമീറ്റർ താണ്ടുന്ന യാത്രയുടെ സമാപനം ജമ്മു-കശ്മീരിലാണ്. വെറുപ്പിന്‍റെ രാഷ്ട്രീയത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി, പിതാവ് രാജീവ് ഗാന്ധി രക്തസാക്ഷിത്വം വരിച്ച ശ്രീപെരുമ്പത്തൂരിൽ പ്രാർത്ഥന നടത്തിയ ശേഷം തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് കഴിഞ്ഞ സെപ്റ്റംബർ 7 നാണ് യാത്ര ആരംഭിച്ചത്.