അങ്കമാലി താലൂക്ക് ആശുപത്രിയില്‍ രോഗികളെ വലച്ച് സിനിമാ ഷൂട്ടിംഗ്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

 

കൊച്ചി: എറണാകുളം അങ്കമാലി താലൂക്കാശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാഷൂട്ടിംഗ് നടന്നതോടെ രോഗികൾ വലഞ്ഞു. ഷൂട്ടിംഗിന് ആരാണ് അനുമതി നൽകിയതെന്ന് വ്യക്തമല്ല. രോഗികൾ വലഞ്ഞത് പരാതിയായതോടെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നു കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണു നിർദ്ദേശം നൽകിയത്.

ഫഹദ് ഫാസില്‍ നിർമ്മിക്കുന്ന ‘പൈങ്കിളി’ എന്ന സിനിമയാണ് കഴിഞ്ഞദിവസം രാത്രി ഒമ്പതു മണിയോടെയാണു ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകൾ മറച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കൾ ഉൾപ്പെടെ അമ്പതോളം പേർ ഷൂട്ടിംഗ് യൂണിറ്റില്‍ ഉണ്ടായിരുന്നു. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയയാൾക്ക് അത്യാഹിത വിഭാഗത്തിലേക്കു പ്രവേശിക്കാൻ പോലുമായില്ലെന്നും പരാതിയുണ്ട്. രോഗികളോടും കൂട്ടിരിപ്പുകാരോടും നിശബ്ദരായിരിക്കണമെന്ന് അണിയറ പ്രവർത്തകർ നിർദ്ദേശിച്ചെന്നും ഇത്തരത്തില്‍ രണ്ടു ദിവസം രോഗികളെ ബുദ്ധിമുട്ടിച്ചെന്നും പരാതിയുണ്ട്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

Comments (0)
Add Comment