സിനിമ-സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു

Wednesday, February 22, 2023

 

കൊച്ചി: സിനിമ-സീരിയൽ താരം സുബി സുരേഷ് (41) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. അസുഖത്തെ തുടർന്ന് ജനുവരി 28 നാണ് സുബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്കുള്ള കടന്നുവരവ്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ. എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സ്ത്രീകള്‍ അധികം സാന്നിധ്യമറിയിക്കാത്ത മിമിക്സ് മിമിക്രി രംഗത്തെ പരിചിത മുഖമായിരുന്നു സുബി. സ്റ്റേജ് ഷോകളിലൂടെയും സുബി നിറസാന്നിധ്യമായി.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് സുബിയുടെ ജനനം. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്‍റ് തെരേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍ : എബി സുരേഷ്.