പാലാ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്‍ പോര് മുറുകുന്നു ; ഒരു സീറ്റും വിട്ടുകൊടുക്കില്ലെന്ന് പീതാംബരന്‍ മാസ്റ്റർ

കോഴിക്കോട് : പാലാ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്‍ പോര് മുറുകുന്നു. പാലാ 20 കൊല്ലമായി എൻ.സി.പിയുടെ സീറ്റാണെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ് ടി.പി പീതാംബരന്‍ മാസ്റ്റർ വ്യക്തമാക്കി. സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കുന്ന പതിവ് ഇടതു മുന്നണിയിലില്ലെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും പീതാംബരന്‍ മാസ്റ്റർ പറഞ്ഞു.

നാല് സിറ്റിംഗ് സീറ്റുകളും എൻ.സി.പി വിട്ടുകൊടുക്കില്ല. പാലാ സീറ്റിന്‍റെ വിഷയത്തില്‍ ഇടതുമുന്നണിയും സി.പി.എമ്മും ഇതുവരെ ഇടപെട്ടിട്ടില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്തണം എന്ന് ഇടതുമുന്നണിയോട് ആവശ്യപ്പെടുമെന്ന് പീതാംബരന്‍ മാസ്റ്റർ വ്യക്തമാക്കി. പുതിയ പാർട്ടി മുന്നണിയിൽ വന്നാൽ എൻ.സി.പി മാത്രം വിട്ടുവീഴ്ച ചെയ്യണം എന്ന നിലപാട് ശരിയല്ലെന്നും പീതാംബരന്‍ മാസ്റ്റർ കോഴിക്കോട് പറഞ്ഞു.

കേരള കോണ്‍ഗ്രസ് എം ചെയർമാന്‍ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചതിന് പിന്നാലെ പാലാ സീറ്റില്‍ നിന്നും മത്സരിക്കുമെന്ന തരത്തിലുള്ള വാർത്തകള്‍ സജീവമാണ്. സീറ്റുകള്‍ വെച്ചുമാറുന്ന കാര്യങ്ങള്‍ പരിഗണനയിലുണ്ടെങ്കില്‍ പോലും പാലാ സീറ്റ് വിട്ടു കൊടുക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് നിലവിലെ പാലാ എം.എല്‍.എ മാണി സി കാപ്പനും എന്‍.സി.പി സംസ്ഥാന നേതൃത്വവും.

Comments (0)
Add Comment