ജലപീരങ്കിയും കണ്ണീര്‍വാതകവും; തിരുവനന്തപുരം കോര്‍പറേഷനില്‍ അഞ്ചാം ദിവസവും പ്രതിഷേധം

തിരുവനന്തപുരം : കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ അഞ്ചാം ദിവസവും പ്രതിഷേധം. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. കോര്‍പ്പറേഷന്‍ പരിസരം സംഘര്‍ഷാവസ്ഥയിലാണ്. കോര്‍പറേഷന് പുറത്ത് യുഡിഎഫ് പ്രവര്‍ത്തകരും അകത്ത് യുഡിഎഫ് കൗണ്‍സിലര്‍മാരും ധര്‍ണ നടത്തുകയാണ്.
പിന്നിട് യുഡിഎഫ് കൗസിലർമാരും കോൺഗ്രസ് പ്രവർത്തകരും ഓഫിസിനു മുന്നിൽ പ്രതിഷേധമാരംഭിച്ചു. ഇവരെ ഗേറ്റിനു മുന്നിൽ തടഞ്ഞതോടെ പ്രവർത്തകരും പോലിസും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. കോർപ്പറേഷനിലേക്ക് ചീമുട്ടയെറിഞ്ഞും സമരക്കാർ പ്രതിഷേധിച്ചു. പോലിസ് ലാത്തിവീശുകയും പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുവാൻ ശ്രമിച്ചതും സംഘർഷാവസ്ഥ സൃഷ്ടിച്ചു

പോലീസ് ബലപ്രയോഗത്തിൽ കെപിസിസി മെമ്പർ ചെമ്പഴന്തി അനിൽ, കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ എന്നിവർക്ക് പരിക്കേറ്റു. മേയർ രാജി വയ്ക്കും വരെ പ്രതിഷേധ സമരങ്ങൾ തുടരുമെന്ന നിലപാടിലാണ് പ്രതിപക്ഷ സംഘടനകൾ

അതേസമയം കത്ത് വിവാദത്തിന്‍റെ പേരില്‍ രാജിവെക്കാന്‍ തയ്യാറല്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍.  കൌണ്‍സിലര്‍മാരുടെ പിന്തുണയുള്ള കാലം സ്ഥാനത്ത് തുടരുമെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മേയറുടെ രാജി ആവശ്യപ്പെട്ട് യുത്ത് കോണ്‍ഗ്രസ്, മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധങ്ങള്‍ ഇന്നലെ സംഘര്‍ഷത്തിലും കണ്ണീര്‍വാതക പ്രയോഗത്തിലുമാണ് അവസാനിച്ചത്.

Comments (0)
Add Comment