പതിവ് പോലെ കിരീട പ്രതീക്ഷകളും വമ്പന്‍ താരങ്ങളുമായി എത്തുന്ന ഇംഗ്ലണ്ടിന് ലോകകപ്പ് ടൂര്‍ണമെന്‍റിലെ ആദ്യമത്സരത്തില്‍ എതിരാളികള്‍ ഇറാന്‍. ഇത്തവണ ലോകകപ്പിനുള്ള ഏഷ്യന്‍ ടീമുകളില്‍ ഉയര്‍ന്ന റാങ്കുമായിട്ടാണ് ഇറാന്‍ ഖത്തറിലേക്ക് എത്തുന്നത്. കൂടാതെ ടീമിനെ അടിമുടി അറിയുന്ന മുന്‍ പരിശീലകന്‍ കാര്‍ലോസ് കുയ്‌റോസ് കൂടി തിരിച്ചെത്തിയതോടെ ഇരട്ടി ആത്മവിശ്വാസത്തോടെയാണ് ഇറാന്‍ ഇത്തവണ കളത്തില്‍ ഇറങ്ങുന്നത്. ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് ഇന്ത്യന്‍ സമയം 6.30നാണ് പന്തുരുണ്ടു തുടങ്ങുക.
എല്ലാത്തവണയും എന്ന പോലെ വമ്പന്‍ താരങ്ങള്‍ക്ക് ഇത്തവണയും ഇംഗ്ലണ്ട് ടീമില്‍ ഒരു കുറവും ഇല്ല. ഗോളടി വീരന്‍ ഹാരി കെയ്നില്‍ തുടങ്ങുന്ന ടീമില്‍, ബുകയോ സാക, സ്റ്റര്‍ലിങ്, ഫില്‍ ഫോഡന്‍, ഗ്രീലിഷ്, റഷ്‌ഫോഡ് എന്നിവര്‍ അടങ്ങിയ മുന്‍നിരക്ക് കരുത്തു പകരാന്‍ മാഡിസനും ഡെക്ലാന്‍ റൈസും മേസന്‍ മൗണ്ടും അടങ്ങിയ മധ്യനിരക്ക് കഴിയും. ഇതിലേക്ക് കളി മെനയാനും ഗോളടിക്കാനും ഒരുപോലെ വിരുതുള്ള ജൂഡ് ബെല്ലിങ്ഹാം കൂടി ചേരുന്നതോടെ ഇറാനെതിരെ വിജയത്തോടെ തുടങ്ങാന്‍ കഴിയും എന്ന വിശ്വാസത്തില്‍ തന്നെയാണ് ഇംഗ്ലണ്ട്.
വിങ്ബാക്കുകളെ ഉപയോഗിക്കുന്ന കോച്ച് സൗത്ത് ഗേറ്റിന് ന്യൂകാസില്‍ ക്യാപ്റ്റന്‍ ട്രിപ്പിയറിന്‍റെ ഫോമും കാര്യങ്ങള്‍ എളുപ്പമാക്കും. മാഡിസന്‍ കഴിഞ്ഞ ദിവസം പരിശീലനത്തിന് എത്തിയിരുന്നില്ല. പരിക്കിന്‍റെ ആശങ്കയുള്ള താരം ആദ്യ മത്സരത്തിന് ഇറങ്ങുമോയെന്ന കാര്യം സംശയമാണ്.
ലോകകപ്പിലേക്ക് ആദ്യം യോഗ്യത ഉറപ്പിച്ച ഏഷ്യന്‍ ടീമാണ് ഇറാന്‍. സൗത്ത്‌കൊറിയയെ മറികടന്ന് ഗ്രൂപ്പില്‍ ഒന്നാമത്തെത്താനും അവര്‍ക്കായി. ഈ ഫോം തന്നെയാണ് ഇത്തവണ പ്രതീക്ഷ നല്‍കുന്നത്. ഏഴു വര്‍ഷത്തോളം ടീമിന്റെ പരിശീലകന്‍ ആയിരുന്ന കുയ്‌റോസിന്‍റെ തന്ത്രങ്ങളും കൂടെ ”ഇറാനിയന്‍ മെസ്സി” ലെവര്‍കൂസന്‍ താരം സര്‍ദാര്‍ അസ്മോനും അടക്കമുള്ള താരങ്ങളും കൂടി ചേരുമ്പോള്‍, വമ്പന്മാരെ വിറപ്പിക്കാം എന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇത്തവണ ഇറാന്‍ ലോകകപ്പിന് എത്തുന്നത്. കറുത്ത കുതിരകള്‍ ആവാന്‍ കരുത്തുള്ള ഇറാന്റെ മുന്‍നിരക്ക് ഇംഗ്ലണ്ടിന്‍റെ പ്രതിരോധ നിരക്ക് മുകളില്‍ കാര്യമായ തലവേദന സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കും