സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 31 പേർ

Jaihind Webdesk
Friday, May 17, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു.  രണ്ടാഴ്ചയ്ക്കിടെ 31 പേരാണ് പനി ബാധിച്ച് മരിച്ചത്. ദിവസവും 50 ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്.

മഴ തുടങ്ങിയതോടെ മഴക്കാല രോഗങ്ങളിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ദിവസവും 50 ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ 380 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 1323 പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആറുമാസത്തിനിടെ 47 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇതിനു പുറമെ ജപ്പാന്‍ ജ്വരം ബാധിച്ച് 7 പേര്‍ മരിച്ചു. 14 ദിവസത്തിനിടെ 77 പേര്‍ക്ക് എലിപ്പനി ബാധിച്ചു. 7 മരണം സ്ഥിരീകരിച്ചു.

മഞ്ഞപ്പിത്തവും സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ 320 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ 705 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. 6 പേര്‍ മരിച്ചു.  37 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണും 21 പേര്‍ക്ക് ചെളളുപനിയും ബാധിച്ചു. 7 പേര്‍ക്ക് വെളളത്തിലൂടെ പകരുന്ന ഷിഗെല്ല സ്ഥിരീകരിച്ചപ്പോള്‍ രണ്ടു മരണവും സംഭവിച്ചു. കൊതുക് പരത്തുന്ന വെസ്‌റ്റ് നൈല്‍ പനി 9 പേരെ ബാധിച്ചപ്പോള്‍ 2 ജീവന്‍ പൊലിഞ്ഞു. മഴക്കാല പൂര്‍വ ശുചീകരണമടക്കം പാളിയതാണ് ഡെങ്കിപ്പനി പടരാന്‍ പ്രധാന കാരണം.