ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവിടാന്‍ ലോക്പാലിന് അധികാരമുണ്ടെന്ന് വിധിച്ച ഉത്തരവ് സുപ്രീം കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. ലോക്പാല്‍ ഉത്തരവ് ‘വളരെ അസ്വസ്ഥത ഉളവാക്കുന്നതാണെന്ന്’ വിശേഷിപ്പിച്ച സുപ്രീം കോടതി കേന്ദ്രത്തിനും ലോക്പാലിന്റെ രജിസ്ട്രാര്‍ക്കും നോട്ടീസ് അയച്ചു. ലോക്പാലിന്റെ വ്യാഖ്യാനം തെറ്റാണെന്നും ഹൈക്കോടതി ജഡ്ജിമാര്‍ ലോക്പാലിന്റെ പരിധിയില്‍ വരില്ലെന്നും കേന്ദ്രത്തെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
ജനുവരി 27 നാണ് സുപ്രീംകോടതി പരാമര്‍ശിച്ച ഉത്തരവ് ഉണ്ടായത്. ഒരു ഹൈക്കോടതിയിലെ സിറ്റിംഗ് അഡീഷണല്‍ ജഡ്ജിക്കെതിരെ സമര്‍പ്പിച്ച രണ്ട് പരാതികള്‍ പരിഗണിക്കുന്നതിനിടെ ലോക്പാലിന്റെ അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാനാണ് ഈ ഉത്തരവ് നല്‍കിയത്. ഒരു സ്വകാര്യ കമ്പനിയ്‌ക്കെതിരേ ഫയല്‍ ചെയ്ത കേസില്‍ അനുകൂലമായി പ്രവര്‍ത്തിച്ചു എന്നാരോപിച്ച് നല്‍കിയ പരാതികളിലാണ് ലോക്പാല്‍ ഉത്തരവ് ഉണ്ടായത്. ഇതേ തുടര്‍ന്ന് സുപ്രീം കോടതി സ്വമേധയാ വിഷയം ഏറ്റെടുത്തു. ഹൈക്കോടതി ജഡ്ജിയുടെ പേര് വെളിപ്പെടുത്തരുതെന്ന് സുപ്രീം കോടതി പരാതിക്കാരനോട് നിര്‍ദ്ദേശിച്ചു.
ഹൈക്കോടതി ജഡ്ജി പദവിയിലെത്തും മുമ്പ് അഭിഭാഷക ജോലിയിലിരിക്കെ കമ്പനി അദ്ദേഹത്തിന്റെ ഒരു ക്ലയന്റായിരുന്നുവെന്ന് പരാതിക്കാരന്‍ ആരോപിച്ചു. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ലോക്പാല്‍ ബെഞ്ച്, ഒരു ഹൈക്കോടതി ജഡ്ജി ‘പൊതുപ്രവര്‍ത്തകന്‍’ എന്ന നിര്‍വചനത്തില്‍ വരുമെന്നും ലോക്പാല്‍, ലോകായുക്ത നിയമം ജഡ്ജിമാരെ ഒഴിവാക്കുന്നില്ലെന്നും വിധിച്ചു. കൂടാതെ ലോക്പാല്‍ ഈ വിഷയത്തില്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടുകയും പരാതികളില്‍ തുടര്‍നടപടികള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.