കുഞ്ഞിന്‍റെ പേരിടൽ പോലും മാറ്റിവെച്ച് സുഹാസിന്‍റെ കൊവിഡ് പ്രതിരോധ പോരാട്ടം; എറണാകുളം കളക്ടറെ അഭിനന്ദിച്ച് ഹൈബി ഈഡൻ എംപി | വൈറലായി എഫ്ബി പോസ്റ്റ്

Jaihind News Bureau
Monday, July 6, 2020

കൊവിഡ് വ്യാപനത്തിന്‍റെ നിഴലിൽ നിൽക്കുന്ന എറണാകുളം ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജില്ല കളക്ടർ എസ്.സുഹാസിനെ കുറിച്ച് ഹൈബി ഈഡൻ എം.പിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. കലക്ടർ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചാണ് ഹൈബിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

ഈ മഹാമാരികാലത്ത് ഇതൊന്നും കാണാതെ, ഇവരൊന്നും പറയുന്നത് അനുസരിക്കാതെ പോകരുത്. ഇങ്ങനെയാണ് ഹൈബി ഈഡൻ എം.പി തന്‍റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. കൊവിഡ് -19 ആരംഭഘട്ടം മുതൽ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് കളക്ടർ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു വിരൽത്തുമ്പിനപ്പുറത്ത് കളക്ടറുണ്ടായിരുന്നു. ഹൈബി ഫെയ്‌സ് ബുക്കിൽ കുറിച്ചു.

കൊറോണക്കാലത്തിന് തൊട്ട് മുൻപ് ഫെബ്രുവരിയിലാണ് സുഹാസിന് ഒരു കുഞ്ഞുണ്ടാകുന്നത്. പ്രസവ സമയത്ത് ഹോസ്പിറ്റലിൽ പോയി തിരികെ വന്നതാണ്. പിന്നീട് ഇന്ന് വരെ ആ കുഞ്ഞിനെ ഒരു നോക്ക് കാണുവാൻ സാധിച്ചിട്ടില്ല. ജീവിതത്തിലെ വലിയ സന്തോഷം ആസ്വദിക്കാൻ കഴിയാത്ത വല്ലാത്തൊരു അവസ്ഥ. അദ്ദേഹം നേരിൽ ചെന്നിട്ട് വേണം കുഞ്ഞിന്‍റെ പേരിടൽ നടത്താനെന്ന് ഒരിക്കലെപ്പോഴോ പറഞ്ഞതോർക്കുന്നു. വികാരനിർഭരമായി കലക്ടർ പറഞ്ഞ വാക്കുകൾ ഹൈബി പോസ്റ്റിൽ വിവരിക്കുന്നുണ്ട്. മഹാമാരിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും നടത്തുന്ന സേവനങ്ങളെയും ഹൈബി ഈഡൻ എം പി പോസ്റ്റിൽ പ്രശംസിക്കുന്നുണ്ട്.

എറണാകുളത്തെ സ്ഥിതി മോശമാവുകയാണെന്നും ഓരോരുത്തരും ഒരുമിച്ച് വിചാരിച്ചാലേ ഈ മഹാമാരിയെ തടഞ്ഞു നിർത്താനാവൂ എന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കുന്നു. കലക്ടർ എസ് സുഹാസിന് പിന്തുണ പ്രഖ്യാപിച്ചും പ്രവർത്തനങ്ങളെ അഭിനന്ദിച്ചും ജില്ലയിലെ ജനങ്ങൾ ഒപ്പമുണ്ടെന്നും സധൈര്യം മുന്നോട്ട് പോകണമെന്നും ആവശ്യപ്പെട്ടാണ് എം.പി പോസ്റ്റ് അവസാനിപ്പിക്കുന്നത്.