‘മംഗലശ്ശേരി നീലകണ്ഠനു ശേഷം അധികമാരും കൈവയ്ക്കാത്ത മാസിന്‍റെ തരംഗവ്യതിചലനങ്ങളിലാണ് താങ്കൾ വിഹരിച്ചു കൊണ്ടിരിക്കുന്നത്’; ബെന്യാമിനെ പരിഹസിച്ച് ആരാധകന്‍റെ തുറന്ന കത്ത്‌

Jaihind News Bureau
Saturday, May 9, 2020

 

സമൂഹമാധ്യമങ്ങളില്‍ കെ.എസ് ശബരീനാഥന്‍ എംഎല്‍എയും എഴുത്തുകാരന്‍ ബെന്യാമിനും തമ്മിലുള്ള പോര് മുറുകുകയാണ്. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ശബരീനാഥന്‍ പങ്കുവെച്ച പോസ്റ്റിന് മറുപടിയുമായി ബെന്യാമിന്‍ രംഗത്തെത്തിയിരുന്നു. പോസ്റ്റില്‍ ബെന്യാമിന്‍ ഉപയോഗിച്ച ഭാഷയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

പോസ്റ്റിന് മറുപടിയുമായി കെ.എസ് ശബരീനാഥന്‍ എംഎല്‍എയും രംഗത്തെത്തി.   ‘ഞാൻ പണ്ട് പറഞ്ഞത് അദ്ദേഹത്തിന് സർക്കാരിന്റെ ആസ്‌ഥാനകവി പട്ടം ചാർത്തണമെന്നാണ്. പക്ഷേ ഈ ഭാഷാചാരുതയ്ക്ക് അത് വേണ്ട, പകരം ബെന്യാമിനെ പോരാളി ഷാജിയുടെ അഡ്മിൻ ആക്കണം. അതാണ് ഉചിതം.’ ശബരിനാഥന്‍ കുറിച്ചു. വിഷയത്തില്‍ ബെന്യാമിനെ പരിഹസിച്ച് ആരാധകനെഴുതിയിരിക്കുന്ന തുറന്ന കത്താണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

കത്തിന്‍റെ പൂര്‍ണരൂപം

പ്രിയപ്പെട്ട ബെന്യാമിന്,

ഒരാരാധകൻ എഴുതുന്നത്. എന്തൊരു മാസ്സ് ആണ് മനുഷ്യാ നിങ്ങൾ. താങ്കളുടെ ‘ആടു ജീവിതവും ‘, ‘മഞ്ഞവെയിൽ മരണങ്ങളുമെല്ലാം ‘ വായിച്ചിട്ടുണ്ടെങ്കിലും അപ്പോഴൊന്നുമല്ല ഞാൻ താങ്കളുടെ ആരാധകനായത്. ശബരിനാഥിനെയും, യൂത്ത് കോൺഗ്രസ്‌ പടയേയുമൊക്കെ കണ്ടം വഴിയോടിച്ചു കൊണ്ടുള്ള താങ്കളുടെ മരണമാസ് പോസ്റ്റുകളാണ് എന്റെ ആരാധനക്ക് കാരണം. മംഗലശ്ശേരി നീലകണ്ഠനു ശേഷം, അധികമാരും കൈവെക്കാത്ത മാസിന്റെ തരംഗവ്യതിചലനങ്ങളിലാണ് താങ്കൾ വിഹരിച്ചു കൊണ്ടിരിക്കുന്നത്. എന്തൊരെഴുത്താണ് മനുഷ്യാ. ‘തക്കുടു വാവ’, ‘ആസനത്തിലെ തരിപ്പ്’, ‘തരത്തിലും, തണ്ടിയിലും പോയി കളിക്കൂ’ തുടങ്ങി പല പ്രയോഗങ്ങളും കോൾമയിർ കൊള്ളിക്കുന്നവയാണ് എന്ന് പറയാതെ വയ്യ
രക്തം വീഴ്ത്താതെ കൂട്ടക്കൊല ചെയ്യാനാവില്ല എന്ന് പറയുന്നവർ താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ വായിക്കാത്തവരാണ്. നൂറ്റിക്കണക്കിന് യൂത്ത് കോൺഗ്രെസ്സുകാരുടെ തലയരിഞ്ഞു കൊണ്ടിരിക്കുന്ന ഖഡ്ഗങ്ങളാണ് അവിടുത്തെ അക്ഷരങ്ങൾ. യൂത്ത് കോൺഗ്രസുകാർ, നോവലിസ്റ്റുകളുടെ വില അറിയാത്ത ബോറന്മാർ. കൃപേഷും ശരത് ലാലും മരിച്ചതിന് സാഹിത്യ അക്കാദമിയിലേക്ക് വാഴ ആയി വരാൻ മാത്രം ആരാണ് അവർ? അവർക്ക് ഈയിടെയായി അല്പം അഹങ്കാരം കൂടിയിട്ടുണ്ട്. ഷാഫിയൊക്കെ പ്രസിഡന്റ് ആയതോടെ സാഹിത്യകാരന്മാരെ തീരെ വിലയില്ലാതായിരിക്കുന്നു. പക്ഷെ, രക്തം കണ്ടു നീന്തിവരുന്ന പിരാന മീനുകൾക്കറിയില്ല, അത് അവരെ വേട്ടയാടാൻ വരുന്ന സ്രാവിന്റെ രക്തമാണ് എന്ന്. സാർ, അതവരെ പഠിപ്പിച്ചു.കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്ത പാർട്ടിയിലെ ആ യുവാക്കളെ അങ്ങും സമശീർഷരും ചേർന്ന് ഇറങ്ങി നിരപ്പാക്കണം. ആ ദൗത്യം എത്ര ജാഗ്രതയോടെ ആണ് തിരിച്ചറിഞ്ഞു നടപ്പാക്കുന്നത്.കണ്ടില്ലേ, എത്ര ലൈക്കും, കമന്റും ഷെയറും ആണ് അങ്ങ് വാങ്ങിക്കൂട്ടുന്നത്.

കത്ത് അങ്ങേക്ക് ആണെങ്കിലും യൂത്ത് കോൺഗ്രെസ്സുകാരോട് അങ്ങയുടെ ഒരു എളിയ ആരാധകൻ എന്ന നിലയിൽ നാല് വർത്തമാനം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. (ഐ.എ.എസിനു തേങ്ങ ചിരവിക്കൊട് എന്നെല്ലാമുള്ള മാസ്സ് ഡയലോഗുകൾ അങ്ങയുടെ ഇരക്ക് നേരെ വന്നുകൊണ്ടിരിക്കുന്ന പശ്‌ചാത്തലത്തിൽ),

ഡാ നരുന്ത്‌ കൊങ്ങികളെ,
അണ്ണനെ നിങ്ങളൊക്കെ ഒന്ന് ചൊറിഞ്ഞു, അണ്ണൻ കേറി അങ്ങ് മാന്തി. ഇനി മോങ്ങി നടക്കണോ. ഇതാളു വേറെയാടാ. നിന്റെയൊക്കെ നേതാക്കന്മാരുടെ കോണകം താങ്ങി നടക്കുന്ന ഇട്ടിക്കണ്ടപ്പന്മാരെ മാത്രേ നീയൊക്കെ കണ്ടിട്ടുള്ളു. അതാണ് ഞെഗളിപ്പ്. അവതാരപ്പിറവികളുടെ രൗദ്രഭാവങ്ങൾ മുഴുവൻ ആവാഹിച്ച മൂർത്തിയോടാണോഡാ പാവാടകളെ നിന്റെയൊക്കെ കളി. അതുകൊണ്ട് ഈ ഇട്ടിക്കണ്ടപ്പത്തരം മാറുമ്പോൾ വാ, അണ്ണന്റെ കാലിലെ ഒന്നോ രണ്ടോ നഖം വെട്ടിത്തരാം. അതെടുത്തു വെച്ച് കൗണ്ടർ പറഞ്ഞു ആശ തീർക്കാം നിനക്കൊക്കെ.

ഒടുവിലായി അങ്ങയോട്,
കവിത മോഷ്ടിച്ച ചിലരും, കുട്ടികളെ കടത്തിയ കേസിലെ പ്രതികളായ ചിലരും, അല്ലറ ചില്ലറ സാമ്പത്തിക തട്ടിപ്പ് നടത്തിയ ചിലരും ഇപ്പോഴും അങ്ങയെക്കാൾ മുൻപിൽ ആണ് ഉള്ളത്. പക്ഷെ,അവർക്കൊന്നും ഇല്ലാത്ത സർഗപ്രതിഭ ഉള്ളതുകൊണ്ട് കേരള അർബാബിന്റെ സാംസ്‌കാരിക ആലയിലെ ഏറ്റവും മുന്തിയ നജീബ് ആവാൻ അങ്ങേക്ക് സാധിക്കും. ഇപ്പോൾ താങ്കളാണ് ട്രെൻഡിങ്. താങ്കളെ മറികടക്കാൻ പിന്നാലെ സമശീർഷരുടെ ഒരു നിര തന്നെ വന്നേക്കാം. പക്ഷെ പിടിച്ചു നിൽക്കണം. പൊരുതി നിൽക്കണം.

എന്നാലും, എന്തൊരെഴുത്താണ്, എജ്ജാതി മാസാണ്, എത്രമേൽ വലിയ ജാഗ്രതയാണ്.

ആശസകളോടെ
ഒരാരാധകൻ