ഫസല്‍ വധക്കേസ് : പിന്നില്‍ കൊടി സുനിയും സംഘവുമെന്ന് സിബിഐ ; സിപിഎം പ്രതിക്കൂട്ടില്‍

Jaihind Webdesk
Friday, November 5, 2021

കൊച്ചി : ഫസല്‍ വധക്കേസില്‍ കുറ്റവാളികള്‍ കൊടിസുനിയും സംഘവുമെന്ന് സിബിഐ റിപ്പോർട്ട്. സിപിഎം നേതാക്കൾ പ്രതി ചേർക്കപ്പെട്ട കേസിൽ  തുടരന്വേഷണ റിപ്പോർട്ട് സിബിഐ കോടതിയിൽ സമർപ്പിച്ചു. മൂന്ന് മാസം നീണ്ട തുടരന്വേഷണത്തിലൊടുവിലാണ് ടിപി വധക്കേസിൽ കുറ്റവാളികളായ കൊടിസുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നും സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കേസിൽ പങ്കുണ്ടെന്നും സിബിഐ കണ്ടെത്തുന്നത്.

അതേസമയം, ഫസൽ വധക്കേസിൽ ഗൂഡാലോചനാക്കുറ്റം ചുമത്തപ്പെട്ട് ജാമ്യ വ്യവസ്ഥ പ്രകാരം എട്ടുവർഷമായി എറണാകുളത്തായിരുന്ന സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂരിലേക്ക് മടങ്ങി. ജാമ്യ വ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് അനുവദിച്ചതിനെ തുടർന്ന് തലശ്ശേരിയിലെത്തുന്ന ഇരുവർക്കും സിപിഎം സ്വീകരണം നൽകും. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സ്വീകരണ യോഗം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും. ഫസൽ വധക്കേസിലെ ഗൂ‍ഡാലോചനയിൽ പ്രതിചേർക്കപ്പെട്ടതോടെ 2012 ജൂണിലാണ് കാരായിമാർ കോടതിയിൽ കീഴടങ്ങിയത്. ഒന്നരക്കൊല്ലത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യം കിട്ടിയെങ്കിലും ജാമ്യ വ്യവസ്ഥ പ്രകാരം എറണാകുളത്തായിരുന്നു താമസം.

2006 ഒക്ടോബർ 22-നാണ് പത്രവിതരണക്കാരനായ ഫസൽ തലശ്ശേരി സെയ്ദാർ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സിപിഎം പ്രവർത്തകനായ ഫസൽ പാർട്ടി വിട്ട് എൻഡിഎഫിൽ ചേർന്നതിലുള്ള എതിർപ്പ് മൂലമായിരുന്നു കൊലപാതകം എന്നായിരുന്നു ആരോപണം. എന്നാൽ കേസിൽ സിപിഎമ്മിന് ബന്ധമില്ലെന്നും താനടക്കം നാല് ആർഎസ്എസ് പ്രവർത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്ന് ആർഎസ്എസ് പ്രവർത്തകൻ സുബീഷ് കുറ്റസമ്മതമൊഴി നൽകിയിരുന്നു.

എന്നാൽ സുബീഷിന്‍റെ ഈ വെളിപ്പെടുത്തൽ പൊലീസ് കസ്റ്റഡിയിൽ വച്ച് പറയിപ്പിച്ചതാണെന്നാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നത്. ജൂലൈ 7-നാണ് കേസിൽ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവിട്ടത്. ഫസലിന്‍റെ സഹോദരൻ അബ്ദുൾ സത്താറിന്‍റെ ഹർജി പരിഗണിച്ചായിരുന്നു സിബിഐയോട് കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവിട്ടത്. ഇരിഞ്ഞാലക്കുട സ്വദേശിയായ ആർഎസ്എസ് പ്രചാരക് ഉൾപ്പടെയുള്ളവരാണ് ഫസലിനെ വധിച്ചതെന്ന സുബീഷിന്‍റെ മൊഴിയിൽ തുടരന്വേഷണം വേണമെന്നായിരുന്നു അബ്ദുൾ സത്താറിന്‍റെ ഹർജിയിലെ ആവശ്യം.