ലഹരി വിരുദ്ധദിനത്തിലും മദ്യം ഒഴുക്കാന്‍ സര്‍ക്കാര്‍; ‘ബെവ്‌ക്യു’ വഴി നാളത്തേക്കും ടോക്കൺ, വിവാദം

ബെവ്‌ക്യു ആപ്പിലെ ടോക്കൺ സംവിധാനത്തിൽ പാളിച്ച. ലഹരി വിരുദ്ധ ദിനമായ നാളത്തേക്കും ആപ്പ് വഴി ടോക്കൺ നൽകിയത് വിവാദത്തില്‍. ബാറുകൾക്കും ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്കും അവധിയായിട്ടും ടോക്കൺ നൽകിയത് ഇതുവരെ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

മദ്യവില്‍പ്പന ആരംഭിച്ചത് മുതൽ നിരവധി പരാതികളാണ് ‘ബെവ്ക്യു’വിനെതിരെ ഉയർന്നുവന്നത്. ഇതിനിടെയാണ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിലും മദ്യത്തിന് ടോക്കൺ  നൽകിയത്. അതേസമയം നാളെ ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും അവധിയായിട്ടും എന്തിന് ടോക്കൺ നൽകി എന്നതിനും ഉത്തരമില്ല. നിലവില്‍  ആയിരക്കണക്കിന് ടോക്കണുകള്‍ നൽകി കഴിഞ്ഞു. ഇന്ന് ബുക്ക് ചെയ്തവർക്കാണ് നാളത്തേക്ക് ടോക്കൺ ലഭിച്ചത്.

ആപ്പിന്‍റെ സോഫ്റ്റ്‌വെയർ പാളിച്ച അതിലെ സാങ്കേതിക വിദഗ്ധരുടെ വീഴ്ച കൂടിയാണ്. ലഹരിവിരുദ്ധ ദിനത്തില്‍ മദ്യത്തിന് ടോക്കണ്‍ നല്‍കിയതിന് അധികൃതർക്ക് വിശദീകരണം നല്‍കാനായിട്ടില്ല. ഓട്ടോമാറ്റിക് ടോക്കൺ സംവിധാനം ആയാലും മാന്വലായി ഇതിന്‍റെ പ്രവർത്തനം ക്രമീകരിക്കുന്നതിൽ സാങ്കേതിക വിദഗ്ധർക്ക് വീഴ്ച പറ്റി.  ടോക്കണ്‍ എടുത്തവർക്ക് ഇത് അടുത്തദിവസത്തേക്ക് ഉപയോഗിക്കാൻ കഴിയുമോ എന്നതിലും സർക്കാർ ഉത്തരം നൽകേണ്ടതാണ്.

അല്ലാത്ത പക്ഷം നാലുദിവസം കഴിഞ്ഞേ മറ്റൊരു ടോക്കണ്‍ എടുക്കാൻ കഴിയൂ. നേരത്തെ തന്നെ ബുക്കിംഗ് സംബന്ധിച്ച് നിരവധി വിമർശനങ്ങള്‍ ഉയർന്നിരുന്നു. ബുക്കിംഗിൽ തിരക്കുളള സമയമാണെങ്കിൽ സാങ്കേതിക വിദഗ്ധർ അവരുടെ സൗകര്യംപോലെ സമയം ക്രമീകരിക്കുമെന്നായിരുന്നു പരാതി. കൂടുതൽ ബുക്കിംഗുകളും ബാറുകളിലേക്കാണ് പോകുന്നതെന്ന വിമർശനവും നേരത്തെ ഉയർന്നിരുന്നു. എന്തായാലും ലഹരി വിരുദ്ധദിനത്തിന്‍റെ പ്രത്യേകത അറിയിച്ചുകൊണ്ട് എക്‌സൈസ് മന്ത്രി പ്രസ്താവന പുറത്തിറക്കിയിട്ടും  ആപ്പിന്‍റെ പാളിച്ച ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

Comments (0)
Add Comment