സമാധാനം സ്ഥാപിക്കാന്‍ ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കൂ; പാകിസ്ഥാന്‍ സര്‍ക്കാരിനോട് ഫാത്തിമ ഭൂട്ടോ

ഇന്ത്യന്‍ വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധനെ വിട്ടയക്കണമെന്ന് പാകിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് എഴുത്തുകാരിയും മുന്‍ പാക് പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ കൊച്ചുമകളുമായ ഫാത്തിമ ഭൂട്ടോ. അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് യുദ്ധം ഒഴിവാക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്ന് ഫാത്തിമ ആവശ്യപ്പെട്ടത്. സമാധാനത്തോടുള്ള പ്രതിബദ്ധത കണക്കിലെടുത്ത് ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കണമെന്നാണ് താനടക്കമുള്ള പാക് യുവത രാജ്യത്തോട് ആവശ്യപ്പെടുന്നതെന്ന് ഫാത്തിമ ഭൂട്ടോ കുറിച്ചു.

”ഒരു ജീവിതകാലം മുഴുവന്‍ നമ്മള്‍ യുദ്ധത്തിനായി മാറ്റി വച്ചു. എനിക്ക് പാക് സൈന്യം മരിക്കുന്നത് കാണേണ്ട. ഇന്ത്യന്‍ സൈന്യം മരിക്കുന്നതും എനിക്ക് കാണേണ്ട. നമ്മള്‍ അനാഥരുടെ ഉപഭൂഖണ്ഡമാകരുത്” എന്നും ഫാത്തിമ പറഞ്ഞു.

”എന്റെ തലമുറ സംസാരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനായി പോരാടിയവരാണ്. സമാധാനത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഞങ്ങള്‍ക്ക് മടിയില്ല…. സൈനിക സ്വേഛാധിപത്യവും ഭീകരവാദവുമടക്കമുള്ള നീണ്ട നാളത്തെ ചരിത്രം എന്റെ തലമുറയ്ക്ക് ഉണ്ടാക്കിയ അനിശ്ചിതത്വം യുദ്ധത്തോടുള്ള ആസക്തി ഇല്ലാത്തവരും സഹിഷ്ണുതയുള്ളവരുമാക്കി… ഒരിക്കലും അയല്‍ രാജ്യത്തോട് സമാധാനപരമായി എന്റെ രാജ്യം ഇടപെടുന്നത് കണ്ടിട്ടില്ല. ആദ്യമായാണ് രണ്ട് ആണവ രാജ്യങ്ങള്‍ തമ്മില്‍ ട്വിറ്ററിലൂടെ യുദ്ധം ചെയ്യുന്നത് കാണുന്നത്” – ഫാത്തിമ ഭൂട്ടോ വ്യക്തമാക്കി.

ഇന്ത്യന്‍ വൈമാനികന്‍ പാകിസ്ഥാന്‍ കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ തിരിച്ചെത്തിക്കാന്‍ നീക്കം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. നയതന്ത്ര തലത്തില്‍ ഇതിനായുള്ള ശ്രമം നടത്തുകയാണ് ഇന്ത്യയിപ്പോള്‍. വൈമാനികനെ സുരക്ഷിതനായി തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി സൈനികന്റെ കുടുംബവും രംഗത്തെത്തി. അതിര്‍ത്തിയിലെ സുരക്ഷയ്ക്ക് പുറമെ അഭിനന്ദനെ തിരികെ എത്തിക്കാനുള്ള ചര്‍ച്ചകളും ഉന്നതതലത്തില്‍ തുടരുകയാണ്.
നയതന്ത്ര ഇടപെടല്‍ ഉണ്ടായാല്‍ പിടിയിലായ സൈനികനെ ഒരാഴ്ചയ്ക്കം വിട്ടയക്കണമെന്നാണ് ജനീവ കരാര്‍ നിര്‍ദേശം. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കരാര്‍ പാലിച്ച് വിട്ടയ്ക്കണമെന്നാണ് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെടുന്നത്.
1949 ലെ ജനീവ കരാര്‍ പ്രകാരം യുദ്ധത്തിലോ പട്ടാള നടപടികള്‍ക്കിടയിലോ കസ്റ്റഡിയിലാകുന്ന സൈനികര്‍ യുദ്ധ തടവുകാരനാണ്. റാങ്ക് അനുസരിച്ചുള്ള പരിഗണന നല്‍കി വേണം കസ്റ്റഡിയില്‍ വയ്ക്കാന്‍. കുടുംബാംഗങ്ങളുമായി സംസാരിക്കാനുളള അവസരം, ഭക്ഷണം ചികിത്സാ സൗകര്യങ്ങള്‍ എന്നിവ നല്‍കണം. യാതൊരു തരത്തിലുളള പരിക്കും ഏല്‍പിക്കരുത്. പാക് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടു കിട്ടാന്‍ ഈ ജനീവ കരാറാണ് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്.

Comments (0)
Add Comment