കൊട്ടിയൂർ പീഡനക്കേസ് : റോബിൻ വടക്കുഞ്ചേരിയ്ക്ക് 20 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും

Saturday, February 16, 2019

Father-RobinVadakkumcherry

കൊട്ടിയൂർ പീഡനക്കേസിൽ ഒന്നാം പ്രതി റോബിൻ വടക്കുഞ്ചേരിയ്ക്ക്  20 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും. ആറ് പ്രതികളെ വെറുതെ വിട്ടു. കന്യാസ്ത്രീകൾ അടക്കമുള്ളവരുടെ കുറ്റം തെളിയിക്കാനായില്ല.

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് ശിക്ഷ. വൈദികന്‍ ഫാ.റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരനെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ബലാത്സംഗത്തിനും പോക്‌സോ വകുപ്പുപ്രകാരവുമാണ് കേസ്. കേസില്‍ മറ്റു ആറു പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. തലശ്ശേരി പോക്‌സോ കോടതി ജഡ്ജി പി.എന്‍.വിനോദാണ് ശിക്ഷ പ്രഖ്യാപിച്ചത്.

പിഴയില്‍ നിന്ന് ഒന്നര ലക്ഷം രൂപ ഇരയ്ക്ക് നല്‍കണം. കള്ള സാക്ഷി പറഞ്ഞതിന് കുട്ടിയുടെ അച്ഛനും അമ്മയ്ക്കുമെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു.

രണ്ടാംപ്രതി തങ്കമ്മ എന്ന അന്നമ്മ, ആറാംപ്രതി ലിസ് മരിയ എന്ന എല്‍സി, ഏഴാംപ്രതി സിസ്റ്റര്‍ അനീറ്റ, എട്ടാംപ്രതി സിസ്റ്റര്‍ ഒഫീലിയ, ഒന്‍പതാം പ്രതി ഫാ. തോമസ് ജോസഫ് തേരകം, പത്താംപ്രതി സിസ്റ്റര്‍ ബെറ്റി ജോസ് എന്ന അച്ചാമ്മ ജോസഫ് എന്നിവരെയാണ് വെറുതെ വിട്ടത്.