ഡല്‍ഹി ചലോ മാര്‍ച്ചില്‍ സംഘർഷം; പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു, കര്‍ഷകരുടെ ട്രക്കുകള്‍ കസ്റ്റഡിയിലെടുത്തു

Jaihind Webdesk
Tuesday, February 13, 2024

കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിനിടെ സംഘര്‍ഷം. പഞ്ചാബ് ഹരിയാന അതിര്‍ത്തിയിലാണ് സംഘര്‍ഷം. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കാല്‍നടയായി എത്തിയ കര്‍ഷകരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നു. അംബാല ശംഭു അതിര്‍ത്തിയില്‍ കര്‍ഷകരെ കസ്റ്റഡിയിലെടുക്കുന്നു. കര്‍ഷകരുടെ ട്രക്കുകള്‍ കസ്റ്റഡിയിലെടുത്തു.

അതേസമയം ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലേക്കുള്ള ഭാഗം പൂര്‍ണമായി അടച്ചു. കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് ഡൽഹി ചലോ മാർച്ചുമായി കർഷകർ രംഗത്തെത്തിയത്. ആയിരക്കണക്കിന് ട്രാക്ടറുകളിൽ കർഷകർ ദില്ലിയിലേക്ക് തിരിച്ചു. ട്രാക്ടർ മാർച്ച് പഞ്ചാബ് അതിർത്തിയിൽ നിന്നും ഹരിയാനയിലേക്ക് കടന്നതോടെ ഹരിയാന സർക്കാർ തടയുകയായിരുന്നു.

കർഷകരുടെ സമരത്തിന് ദില്ലി സർക്കാരിന്‍റെയും പഞ്ചാബ് സർക്കാരിന്‍റെയും പിന്തുണയുണ്ട്. ഡൽഹിയുടെ അതിർത്തികളിൽ ബാരിക്കേഡും കമ്പിവേലികളും സ്ഥാപിച്ചു. ദില്ലിയിലും സമരത്തെ നേരിടാൻ കേന്ദ്ര സർക്കാർ 144 പ്രഖ്യാപിച്ചിട്ടുണ്ട്. താങ്ങുവില ഉൾപ്പെടെ ഉന്നയിച്ച വിഷയങ്ങൾ സർക്കാർ അംഗീകരിക്കാതെ വന്നതോടെയാണ് കർഷകർ സമരം പ്രഖ്യാപിച്ചത്. ഇരുപതിനായിരത്തോളം കർഷകരാണ് രണ്ടായിരം ട്രാക്ടറുകളുമായി ഡല്‍ഹിയിലേക്ക് മാർച്ച് ചെയ്തത്.