കരുത്താർജ്ജിച്ച് കര്‍ഷക പ്രക്ഷോഭം ; സമരം ശക്തമാകുന്നതിനിടെ മോദി ഗുരുദ്വാരയില്‍ ; പ്രതിഷേധം

Jaihind News Bureau
Sunday, December 20, 2020

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധം 25 ആം ദിവസവും ഡല്‍ഹി അതിര്‍ത്തികളില്‍ തുടരുന്നു. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ നിലപാട് ആവര്‍ത്തിച്ചതോടെ സമരം കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. പ്രതിഷേധങ്ങള്‍ക്ക് എതിരായ ഹര്‍ജികളില്‍ കക്ഷി ചേരേണ്ടതില്ല എന്ന് കര്‍ഷക സംഘടകള്‍ക്ക് നിയമോപദേശം ലഭിച്ചു. അതിനിടെ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എന്‍ഡിഎ സഖ്യകക്ഷി രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി രംഗത്ത് വന്നു.

അതേസമയം രാജ്യതലസ്ഥാനത്ത് കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി ഡല്‍ഹിയിലെ ഗുരുദ്വാര സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ പരിപാടിയിൽ ഗുരുദ്വാര സന്ദർശനം നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നില്ല. കർഷക പ്രക്ഷോഭം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് ഗുരുദ്വാരയിൽ പ്രത്യേക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നില്ല.