ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും നെൽകർഷകർ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നേരിടുന്ന കടുത്ത പ്രതിസന്ധി ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി.
നെല്ല് സംഭരണ പ്രക്രിയയിലെ ഗുരുതരമായ വീഴ്ച, സംസ്ഥാന സർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നിസ്സംഗത, കാലതാമസമുളള സംഭരണം, നിശ്ചിത നിരക്കിൽ കർഷകർക്ക് താങ്ങുവില ലഭിക്കാത്തത് എന്നിവ കർഷകരെ ദുരിതത്തിൽ ആക്കിയിട്ടുണ്ട്.
മില്ലുകളുടെ സംഭരണം വൈകുന്നതു മൂലം കർഷകർക്ക് ഉൽപന്നങ്ങൾ കൃത്യസമയത്ത് വിൽക്കാൻ കഴിയുന്നില്ല. തുടർച്ചയായി ഉറപ്പുനൽകിയിട്ടും സംഭരണ സംവിധാനത്തിൽ യാതൊരു പുരോഗതിയുമില്ലാത്തത് കർഷകരുടെ ജീവിതോപാധിയേ തന്നെ തകർക്കുന്ന സാഹചര്യമുണ്ടാക്കുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി.
നേരത്തെയും ഈ പ്രശ്നം വിവിധ തലങ്ങളിൽ ഉന്നയിച്ചിരുന്നുവെങ്കിലും, സംയോജിത സംഭരണ സംവിധാനത്തിന്റെ അഭാവം വലിയ തോതിലുള്ള അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും വഴിവെക്കുന്നു. കൃഷി വകുപ്പിന്റെയും സിവിൽ സപ്ലൈസ് വകുപ്പിന്റെയും നിലപാട് കർഷകവിരുദ്ധമാണെന്നും എംപി കുറ്റപ്പെടുത്തി.
നെല്ലിൻ്റെ സമയോചിതമായ ശേഖരണം, കർഷകർക്ക് താങ്ങുവില ഉറപ്പ്, സംഭരണത്തിനായുള്ള മതിയായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ നടപടി സ്വീകരിക്കണം. ഇത് സംബന്ധിച്ചുള്ള അടിയന്തര ഇടപെടലിന് ആവശ്യമായ എല്ലാ നടപടികളും കേന്ദ്ര മന്ത്രാലയങ്ങളിലുമെൻ്റെ ഭാഗത്ത് നിന്ന് അടിയന്തരമായി ഉണ്ടാകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.