കർഷകർക്ക് വൻ പദ്ധതികൾ പ്രഖ്യാപിച്ച് സര്‍ക്കാര്‍; ഇക്കുറിയെങ്കിലും നടപ്പാകുമോയെന്ന ആശങ്കയില്‍ കര്‍ഷകര്‍

Jaihind Webdesk
Saturday, June 1, 2019

ഒട്ടേറെ പൊള്ള വാഗ്ദാനങ്ങളും നടപ്പിലാക്കപ്പെടാത്ത പ്രഖ്യാപനങ്ങളും മാത്രം സമ്മാനിച്ച മോദി സര്‍ക്കാരിന്‍റെ രണ്ടാം വരവിലെ ആദ്യ മന്ത്രിസഭാ യോഗത്തിലും ആനുകൂല്യ പ്രഖ്യാപനങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായില്ല. കർഷകർക്ക് ആനുകൂല്യങ്ങൾ കിട്ടത്തക്ക രീതിയില്‍ പിഎം കിസാൻ സമ്മാൻ നിധി വിപുലീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് രണ്ടാം മോദി സർക്കാരിന്‍റെ ആദ്യ മന്ത്രി സഭ യോഗം നടത്തിയത്. 12 കോടി കർഷകർ ഇതിന്‍റെ ഗുണഭോക്താക്കള്‍ ആകുമെന്നാണ് സർക്കാരിന്‍റെ അവകാശവാദം. വിവിധ സ്കോളർഷിപ് സ്കീമുകളിലും വിപുലമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പദ്ധതികള്‍ ഇത്തവണയെങ്കിലും പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങാതെ പ്രാബല്യത്തിലെത്തുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.

കർഷകർക്ക് വൻ പദ്ധതികൾ പ്രഖ്യാപിച്ചു കൊണ്ടാണ് രണ്ടാം മോദി സർക്കാറിന്‍റെ ആദ്യ മന്ത്രി സഭ യോഗം അവസാനിച്ചത്. പി എം കിസാൻ സമ്മാൻ നിധി വിപുലപ്പെടുത്തിയതോടെ ഭൂപരുത്തി ഇല്ലാതെ എല്ലാ കർഷകർക്കും പ്രതിവർഷം 6000 രൂപയുടെ സഹായം ലഭിക്കും. ഇതുവഴി 14 കോടി കർഷകർക്ക് ഇതിന്‍റെ ഗുണം ലഭിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. ഒപ്പം 5 കോടി ചെറുകിട കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കത്തക്ക രീതിയിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതിയും ആദ്യ മന്ത്രിസഭാ യോഗം പാസാക്കി. മന്ത്രിസഭാ യോഗത്തിന്‍റെ ആദ്യ തീരുമാനമായി പുറത്ത് വന്നത് പ്രധാനമന്ത്രിയുടെ സ്കോളർഷിപ് സ്കീമുകൾ വർധിപ്പിച്ച തീരുമാനം ആണ്. ഇത് പ്രകാരം വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പ് തുകയിൽ ആണ്കുട്ടികൾക്ക് 25 ശതമാനവും പെണ്‍കുട്ടികൾക്ക് 33 ശതമാനവും തുക വർധിപ്പിച്ചു. ഇതോടെ 2500ഉം 3000വും ആയി സ്‌കോളർഷിപ്പ് തുക യഥാക്രമം വർദ്ധിക്കും. നേരത്തെ ഉണ്ടായിരുന്ന പദ്ധതിയിൽ കാതലായ മാറ്റങ്ങൾ വരുത്തിയാണ് പ്രധാനമന്ത്രി സ്‌കോളർഷിപ്പ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുക. പുതിയ മാറ്റം പ്രകാരം സംസ്ഥാനത്തെ പോലീസുകാരുടെ മക്കൾക്കും പ്രയോജനം ലഭിക്കും. വളർത്ത് മൃഗങ്ങൾക്കുള്ള സൗജന്യ വാക്സിനേഷൻ ആണ് മന്ത്രിസഭയുടെ മറ്റൊരു തീരുമാനം. അതോടൊപ്പം ലോകസഭയുടെ ആദ്യ സമ്മേളനം ജൂൺ 17 മുതൽ ജൂലായ് 26 വരെ നടക്കും. സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ 19 ന് നടത്താനും തീരുമാനം ആയിട്ടുണ്ട്.