ന്യൂഡല്‍ഹി : മോദി സർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക മാര്‍ച്ചിനെത്തുടർന്ന് ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ സംഘർഷം. അംബാല അതിർത്തി വീണ്ടും അടച്ചു. ബഹദൂർഗഢില്‍ കർഷകരെ തടഞ്ഞു. ടിക്രിയില്‍ കർഷകർക്കുനേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. അതേസമയം പൊലീസ് ബാരിക്കേഡുകള്‍ കർഷകർ ട്രാക്ടർ ഉപയോഗിച്ച് നീക്കുകയാണ്.
അതേസമയം മാർച്ചിനെ അടിച്ചമർത്താനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകുകയാണ് പൊലീസ്. കർഷകരെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഡല്‍ഹിയിലെ 9 സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളാക്കി മാറ്റാന്‍ അനുമതി തേടിയിരിക്കുകയാണ് പൊലീസ്.
ഡല്‍ഹി ചലോ മാര്‍ച്ചിന്റെ രണ്ടാം ദിവസവും സംഘര്‍ഷത്തില്‍ കലാശിച്ചു. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയില്‍ വെച്ച് പൊലീസ് കര്‍ഷകരെ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പഞ്ചാബ് – ഹരിയാന അതിര്‍ത്തിയായ സിംഗുവിലും കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയാനായി ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
സമരത്തില്‍ നിന്നും ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. ഹരിയാനയില്‍ നിന്നുള്ള കര്‍ഷകര്‍ പാനിപ്പത്തിലാണ് തമ്പടിച്ചിരിക്കുകയാണ്. കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായിട്ടല്ലാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് ഇവര്‍ അറിയിച്ചു. തങ്ങള്‍ ജയിക്കാനാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നും അതിന് എത്രനാള്‍ വേണമെങ്കിലും അവിടെ തുടരാന്‍ തയ്യാറാണെന്നും കര്‍ഷകര്‍ പറയുന്നു.