പൂനെ: പ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന് അന്തരിച്ചു. 64 വയസായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പൂനെയിലെ വീട്ടില്‍ വെച്ച് കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
1957 ല്‍ തിരുവനന്തപുരത്താണ് പ്രൊഫ. താണു പത്മനാഭന്റെ ജനനം. തിരുവനന്തപുരം യൂണിവേഴിസിറ്റി കോളജില്‍നിന്നും സ്വര്‍ണ്ണമെഡലോടെ ബിഎസ്സി, എംഎസ്സി ബിരുദങ്ങള്‍ നേടി. മുംബൈയിലെ ഡിഐഎഫ്ആറില്‍നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. 1992 മുതല്‍ പുണെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സിലാണ്. സ്വിറ്റ്സര്‍ലൻഡിലെ പ്രസിദ്ധ കണികാ ഭൗതിക ഗവേഷണ കേന്ദ്രമായ സേണ്‍, ന്യൂ കാസില്‍ സര്‍വകലാശാല, ലണ്ടനിലെ ഇംപീരിയല്‍ കോളേജ്, കാള്‍ടെക്, പ്രിന്‍സ്ടണ്‍, കേംബ്രിഡ്ജ് സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു.
എമര്‍ജന്റ് ഗ്രാവിറ്റിയില്‍ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതല്‍ വികസിപ്പിച്ചതാണ് താണു പത്മനാഭന്റെ ഏറ്റവും പ്രധാന സംഭാവന. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകര്‍ഷണം, ക്വാണ്ടം ഗുരുത്വം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന വിഷയങ്ങള്‍. വിവിധ വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. ഡോ. വാസന്തി പത്മനാഭനാണ് ഭാര്യ. ഹംസ പത്മനാഭന് മകളാണ്.