കർഷക പ്രക്ഷോഭം പതിനഞ്ചാം ദിവസത്തിലേക്ക്; സമരം ശക്തമാക്കി കർഷകർ

Jaihind News Bureau
Thursday, December 10, 2020

ദില്ലി അതിർത്തികളിൽ തുടരുന്ന കർഷക പ്രക്ഷോഭം പതിനഞ്ചാം ദിവസത്തിലേക്ക്. കർഷക സംഘടനകളുമായി ഇന്ന് വീണ്ടും കേന്ദ്ര സർക്കാർ ചർച്ച നടത്തിയേക്കും. ചർച്ചയിൽ പങ്കെടുക്കുമെങ്കിലും നിയമം പിൻവലിക്കുന്നതൊഴിച്ച് സർക്കാരിന്‍റെ നിർദ്ദേശളൊന്നും അംഗീകരിക്കേണ്ടതില്ലെന്നാണ് കർഷക സംഘടനകളുടെ തീരുമാനം. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ നടന്ന ചർച്ചക്ക് ശേഷം സർക്കാർ മുന്നോട്ടുവെച്ച ഭേദഗതി നിർദ്ദേശങ്ങൾ സംഘടനകൾ തള്ളിയിരുന്നു. വരുന്ന ഡിസംബർ 14ന് രാജ്യവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും ബി ജെ പി ഓഫീസുകളിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ബി ജെ പി ജനപ്രതിനിധികളെ ബഹിഷ്‌കരിക്കാനും തീരുമാനമുണ്ട്. ദില്ലി – ജയ്പൂർ ദേശീയ പാത പന്ത്രണ്ടാം തീയതി ഉപരോധിക്കുകയും ദേശീയപാതകളിലെ ടോൾ പിരിവ് തടയുകയും ചെയ്യും.