കള്ളക്കേസുകള്‍ പിന്‍വലിക്കണം; സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി നാളെ കോട്ടയത്ത് കരിദിനം ആചരിക്കും

കോട്ടയം: സിൽവർ ലൈൻ സമരക്കാർക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി നാളെ കോട്ടയത്ത് കരിദിനം ആചരിക്കും. ചങ്ങനാശേരി മാടപ്പള്ളിയിലെ സമരപ്പന്തലിലാണ് കരിദിനാചരണ ഉദ്ഘാടനം. സിൽവർ ലൈൻ വിരുദ്ധ സമരം രണ്ടാം വർഷത്തിലേക്ക് കടക്കുന്നതിനോട് അനുബന്ധിച്ച് നട്ടാശേരി കുഴിയാലിപ്പടിയിൽ നടന്ന സമരസമിതി യോഗത്തിലാണ് തീരുമാനം.

സംസ്ഥാനമൊട്ടാകെ സിൽവർ ലൈൻ പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. കോട്ടയത്ത് ചങ്ങനാശേരി മാടപ്പള്ളിയിലും നട്ടാശേരി കുഴിയാലിപ്പടിയിലും സിൽവർ ലൈൻ എതിരെ വൻ പ്രതിഷേധമാണ് നടന്നത്. കുഴിയാലിപ്പടിയിലും മാടപ്പള്ളിയിലും കെ റെയിൽ ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ലുകൾ ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ പിഴുതെറിഞ്ഞു. എന്നാൽ സർവേകല്ലുകൾ പിഴുതെറിഞ്ഞു, സർവേ നടത്താൻ എത്തിയ കെ റെയിൽ ഉദ്യോഗസ്ഥരെ തടഞ്ഞു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് സമരക്കാർക്കെതിരെ കേസുകൾ ചാർജ് ചെയ്തു. ഈ കേസുകൾ എല്ലാം പിൻവലിച്ചുകൂടേ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് പിൻവലിക്കാൻ സാധിക്കില്ലന്നെ മറുപടിയാണ് സർക്കാർ നൽകിയത്. ഇതിനെതിരെയാണ് നാളെ സമരക്കാർ സംസ്ഥാനമൊട്ടാകെ കരിദിനം ആചരിക്കുന്നത്.

തങ്ങളുടെ കിടപ്പാടം സംരക്ഷിക്കാനായി സമരക്കാർ നടത്തിയ പ്രതിഷേധമാണ് സിൽവർ ലൈൻ വിരുദ്ധ സമരം. കുഴിയാലിപ്പടിയിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് നാളെ കോട്ടയം മാടപ്പള്ളി സമരസമിതി പന്തലിൽ വെച്ച് കരിദിന ആചരണദിനം ഉദ്ഘാടന ചടങ്ങ് നടത്താൻ തീരുമാനിച്ചത്. സിൽവർ ലൈൻ പദ്ധതി ബാധിക്കുന്ന എല്ലാ വീടുകളിലും കരിങ്കൊടികൾ സ്ഥാപിക്കാനും കറുത്ത റിബൺ ദേഹത്ത് കുത്തി പ്രതിഷേധിക്കാനും തീരുമാനിച്ചതായി കോട്ടയം നഗരസഭാംഗം സാബു മാത്യു അറിയിച്ചു.

Comments (0)
Add Comment